LiveTV

Live

Kerala

ചരിത്രവിരുദ്ധ പ്രസംഗം: സംഘടനാവേദികൾക്കു പിന്നാലെ കാന്തപുരം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലും മുള്ളൂർക്കര സഖാഫിക്ക് വിലക്ക്

നേമം പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ മുള്ളൂർക്കര സഖാഫിയെ പൂർണ്ണമായി അകറ്റിനിർത്താനാണ് കാന്തപുരം വിഭാഗം തീരുമാനിച്ചിരിക്കുന്നത്.

ചരിത്രവിരുദ്ധ പ്രസംഗം: സംഘടനാവേദികൾക്കു പിന്നാലെ കാന്തപുരം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലും മുള്ളൂർക്കര സഖാഫിക്ക് വിലക്ക്

സംസ്ഥാന പിന്നാക്ക കമ്മീഷൻ അംഗവും സി.പി.എം സഹയാത്രികനും എ.പി സുന്നി അനുഭാവിയുമായ മുള്ളൂർക്കര മുഹമ്മദലി സഖാഫിയെ പൂർണ്ണമായി അകറ്റി നിർത്താൻ കാന്തപുരം വിഭാഗം തീരുമാനിച്ചു. ബാബരി വിധിയുടെ പശ്ചാത്തലത്തിൽ മുള്ളൂർക്കര സഖാഫി നേമത്ത് നടത്തിയ പ്രഭാഷണത്തിലെ ചരിത്രവിരുദ്ധമായ പരാമർശങ്ങൾ സംഘപരിവാർ മുസ്ലിം വിരുദ്ധ പ്രചാരണത്തിന് ഉപയോഗിച്ച സാഹചര്യം പരിഗണിച്ചാണ് തീരുമാനം.

കൊടുങ്ങല്ലൂരിലെ ചേരമാൻ ജുമാമസ്ജിദിന്റെ നിർമാണ പശ്ചാത്തലം സംബന്ധിച്ചുള്ള മുള്ളൂർക്കരയുടെ പ്രസംഗത്തിൽ നിരവധി ചരിത്രവിരുദ്ധ പരാമർശങ്ങളാണ് ഉണ്ടായിരുന്നത്. ബാബരി മസ്ജിദ് ഹിന്ദുക്ഷേത്രത്തിനായി വിട്ടുകൊടുത്ത സുപ്രീംകോടതി നിലപാട് മുസ്ലിംകൾ അംഗീകരിക്കണമെന്നും പ്രസംഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. ഇത് സംഘ് പരിവാർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. പ്രസംഗത്തിലെ ചരിത്രവിരുദ്ധ പരാമർശങ്ങൾക്കെതിരെ നിരവധി പേർ രംഗത്തുവരികയും ചെയ്തു.

കാന്തപുരം വിഭാഗം സുന്നി പ്രവർത്തകനായിരുന്ന മുള്ളൂർക്കര സഖാഫിയുടെ പ്രസംഗം മുമ്പും വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. സഖാഫിയുടെ രാഷ്ട്രീയ പ്രസംഗങ്ങൾ വിശ്വാസത്തിന്റെയും മാന്യതയുടെയും അതിരുകൾ ഭേദിച്ചെന്ന് വിലയിരുത്തി നാല് വർഷം മുൻപ് തന്നെ കാന്തപുരം വിഭാഗം സംഘടനാ പരിപാടികളിൽ ക്ഷണിക്കുന്നത് നിർത്തിയിരുന്നു. പിണറായി വിജയൻ നയിച്ച കേരളയാത്രയിൽ പ്രാസംഗികനായി അനുഗമിച്ച മുള്ളൂർക്കര സഖാഫിക്ക് പിന്നാക്ക കമ്മീഷൻ അംഗത്വം നൽകിയത് സി.പി.എമ്മാണ്. കാന്തപുരം വിഭാഗത്തിന്റെ പ്രതിനിധി എന്ന പരിഗണന വെച്ചായിരുന്നില്ല ഇത്.

സംഘടനാ പരിപാടികളിൽ വിലക്കുണ്ടായിരുന്നെങ്കിലും സംഘടനയുമായി ബന്ധമുള്ള കോളജുകളിലും മറ്റും പരിപാടികൾക്ക് മുള്ളൂർക്കരയെ അതിഥിയായി ക്ഷണിക്കാറുണ്ടായിരുന്നു. നേമം പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ മുള്ളൂർക്കര സഖാഫിയെ പൂർണ്ണമായി അകറ്റിനിർത്താനാണ് കാന്തപുരം വിഭാഗം തീരുമാനിച്ചിരിക്കുന്നത്.

പ്രസ്ഥാനവുമായി ബന്ധമുള്ള കണ്ണൂരിലെ സ്ഥാപനത്തിൽ നിശ്ചയിച്ച പരിപാടിയിൽ വരേണ്ടതില്ലെന്ന് മുള്ളൂർക്കര സഖാഫിയെ നടത്തിപ്പുകാർ നേരിട്ട് അറിയിച്ചു. എസ്.എസ്.എഫിന്റെയും കേരള മുസ്ലിം ജമാഅത്തിന്റെയും പ്രമുഖ നേതാക്കൾ തന്നെ സോഷ്യൽ മീഡിയയിൽ മുള്ളൂർക്കരക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തുവന്നിട്ടുണ്ട്.

വിമർശനം കടുത്തതോടെ തൻെ പ്രസംഗം ചരിത്ര വിരുദ്ധമാണെന്ന് മനസ്സിലാക്കിയെന്ന വിശദീകരണവുമായി മുള്ളൂർക്കര ഫേസ്ബുക്കിൽ പോസ്റ്റിട്ടു.

തിരുവനന്തപുരം നേമത്ത് ഞാൻ നടത്തിയ നബിദിന പ്രഭാഷണം പല നിലക്കും പല അഭിപ്രായങ്ങൾക്കും വഴിവെക്കാനിടയായതിൽ ഞാൻ ഖേദിക്കുന്നു. ചരിത്രകാരകൻമാരിൽ നിന്നും, പണ്ഡിതൻമാരിൽ നിന്നും കൂടുതൽ വിവരങ്ങൾ കിട്ടിയ സാഹചര്യത്തിൽ ഞാൻ എന്റെ പ്രസംഗത്തിലെ പല നിലപാടുകളും തിരുത്താൻ തയ്യാറാവുന്നു.ബാബരി മസ്ജിദ് വിഷയത്തിൽ സുപ്രീം കോടതി വിധി മാനിക്കുന്നു. സുന്നീ പണ്ഡിത നേതൃത്വത്തെ അംഗീകരിക്കുന്നു.നേതൃത്വത്തിന്റെ നിലപാടിൽ വ്യത്യസ്ഥമായ നിലപാട് എനിക്കില്ല. പ്രസംഗം ആരെയൊക്കെ വേദനിപ്പിച്ചെങ്കിൽ അവരോട് ഞാൻ ക്ഷമ ചോദിക്കുന്നു. ഇനിയും ഇത് വിവാദമാക്കി സമുദായ ഐക്യം തകർക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.
മുള്ളൂർക്കര സഖാഫിയുടെ ഫേസ്ബുക്ക് പോസ്റ്റ്