LiveTV

Live

Kerala

‘നമ്മള്‍ മലയാളികള്‍ പൊളിയല്ലേ’; ആ വാര്‍ത്ത ഇനി പങ്കുവെക്കണ്ട വിഷ്ണുവിന് സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ കിട്ടി, ജീവിതവും

‘നമ്മള്‍ മലയാളികള്‍ പൊളിയല്ലേ’; ആ വാര്‍ത്ത ഇനി പങ്കുവെക്കണ്ട വിഷ്ണുവിന് സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ കിട്ടി, ജീവിതവും

മോഷണം പോയ ബാഗിലെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ തിരിച്ച് നൽകാൻ കരഞ്ഞപേക്ഷിക്കുന്ന യുവാവിന്റെ വാര്‍ത്ത ഇന്ന് വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെട്ടിരുന്നു. ഗൂഡല്ലൂർ സ്വദേശി വിഷ്ണു പ്രസാദാണ് മോഷ്ടിച്ച ബാഗിലെ സർട്ടിഫിക്കറ്റുകൾ തന്റെ ജീവിതമാണെന്നും അവ മാത്രം നൽകിയാൽ മതിയെന്നും അപേക്ഷിച്ച് രംഗത്ത് വന്നത്. വിഷ്ണു പ്രസാദിന് വേണ്ടി ഒറ്റക്കെട്ടായാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ അണിനിരന്നത്. ഒടുവിലിതാ ഏവര്‍ക്കും സന്തോഷം നല്‍കുന്ന വാര്‍ത്തയുമായി വിഷ്ണു പ്രസാദ് വന്നിരിക്കുകയാണ്. തന്റെ കളഞ്ഞുപോയ എല്ലാ സര്‍ട്ടിഫിക്കറ്റുകളും തന്നെ തിരിച്ചുകിട്ടിയതായും ജീവിതം തിരികെകിട്ടിയെന്നും വിഷ്ണു പ്രസാദ് പറഞ്ഞു. കള്ളന്‍ കൊണ്ട് പോയ ബാഗ് തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തിന് അടുത്ത്  നിന്നാണ് വിഷ്ണുവിന് തിരികെ ലഭിച്ചത്.

ഇക്കഴിഞ്ഞ പത്താംതീയതിയാണ് വിഷ്ണു പ്രസാദിന്റെ ബാഗ് മോഷണം പോയത്. തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് പോകുന്നതിനായി റെയിൽവെ സ്റ്റേഷനിൽ കാത്തിരിക്കുന്ന സമയത്താണ് ബാഗ് മോഷണം പോയത്. ഏഴു വർഷത്തെ സാധാരണ ജോലിക്ക് ശേഷം ജർമൻ കപ്പലില്‍ ലഭിച്ച മികച്ച ശമ്പളമുള്ള ജോലിക്ക് വേണ്ട ആവശ്യത്തിന് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ പോകുന്ന സമയത്താണ് മോഷണം നടന്നത്. ഉടൻ തന്നെ റെയിൽവെ പൊലീസിൽ അറിയിച്ചെങ്കിലും റെയില്‍ വേ അധികൃതര്‍ കൈമലര്‍ത്തി. സ്റ്റേഷനിലെ സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തിക്കാത്തതും വിഷ്ണുവിന് തിരിച്ചടിയായി. നാല് ദിവസമായി നഗരത്തിൽ സർട്ടിഫിക്കറ്റ് അന്വേഷിച്ചുള്ള അലച്ചിലിലായിരുന്നു വിഷ്ണു. ഇതിനിടയിലാണ് മാധ്യമങ്ങളെ കണ്ട് വിഷ്ണു തന്റെ സങ്കടം പങ്കുവെച്ചത്. ഏറെ വൈകാതെ തന്നെ വിഷ്ണുവിന്റെ ആവശ്യം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. നിരവധി ചലച്ചിത്ര താരങ്ങളും വിഷ്ണുവിന് സഹായവുമായി രംഗത്തുവന്നു. നടൻമാരായ സണ്ണി വെയിൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് വാർത്ത പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കിൽ സഹായം അഭ്യർഥിച്ചത്. ഈ അഭ്യര്‍ത്ഥനകള്‍ക്കെല്ലാമുള്ള അന്ത്യമാണ് വിഷ്ണുവിന് ഒടുവില്‍ തിരികെ ലഭിച്ച സര്‍ട്ടിഫിക്കറ്റുകള്‍.