LiveTV

Live

Kerala

ശബരിമല വിധിക്ക് സ്റ്റേയില്ല; ഹരജികള്‍ വിശാല ബെഞ്ചിന്

മതാചാരങ്ങളുടെ കാര്യത്തില്‍ സ്വീകരിക്കേണ്ട ഭരണഘടനപരമായ നിലപാട് വിശാല ബഞ്ച് വ്യക്തമാക്കും വരെ പുനപ്പരിശോധനാ ഹരജികളില്‍ തീര്‍പ് കല്‍പിക്കില്ല.

ശബരിമല വിധിക്ക് സ്റ്റേയില്ല; ഹരജികള്‍ വിശാല ബെഞ്ചിന്

ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരായ പുനപരിശോധന ഹരജികളില്‍ തീരുമാനമെടുക്കാതെ സുപ്രീംകോടതി. മതാചാരങ്ങളുടെ കാര്യത്തില്‍ സ്വീകരിക്കേണ്ട ഭരണഘടനപരമായ നിലപാട് വിശാല ബെഞ്ച് വ്യക്തമാക്കും വരെ പുനപ്പരിശോധനാ ഹരജികളില്‍ തീര്‍പ് കല്‍പിക്കില്ല. എന്നാല്‍ നേരത്തെ യുവതി പ്രവേശനത്തിന് അനുമതി നല്‍കിയ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. മുസ്‍ലിം സ്ത്രീകളുടെ പള്ളി പ്രവേശനം അടക്കമുള്ള വിഷയങ്ങളിലും വിശാല ബെഞ്ച് തീരുമാനം പറഞ്ഞ ശേഷമാകും അന്തിമ വിധി പറയുക.

2018 സെപ്തംബറിലാണ് ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച് സുപ്രിംകോടതി ഉത്തരവിട്ടത്. ഇതിനെതിരെ 56 പുനപരിശോധനാ ഹരജികള്‍ അടക്കം അറുപത്തിയഞ്ച് ഹരജികളാണ് സുപ്രീംകോടതിയുടെ പരിഗണനക്കെത്തിയത്. ഇതില്‍ വിധി പറയാതിരുന്ന കോടതി മതാചാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സ്വീകരിക്കേണ്ട ഭരണഘടനപരമായ നിലപാട് വ്യക്തമാക്കാന്‍ ഏഴംഗ ബെഞ്ച് രൂപീകരിക്കാനാണ് അഞ്ചംഗ ബെഞ്ച് നിശ്ചയിച്ചത്.

മുസ്ലീം സ്ത്രീകളുടെ പള്ളിപ്രവേശനം, അന്യമതസ്ഥനെ വിവാഹം ചെയ്ത പാഴ്സി സ്ത്രീകളുടെ അവകാശങ്ങള്‍, ദാവൂദി ബോറ വിഭാഗങ്ങള്‍ക്കിടയിലെ സ്ത്രീകളുടെ ചേലാകര്‍മ്മം എന്നീ വിഷയങ്ങളില്‍‌ വിധി പറയുന്നതും വിശാല ബെഞ്ചിന്റെ തീര്‍പ്പ് വരുംവരെ മാറ്റിവച്ചു. ഈ കേസുകളും ഇപ്പോള്‍ പരിഗണനയിലുള്ള ശബരിമല കേസുമായി ബന്ധമുള്ളതാണെന്നാണ് കോടതിയുടെ കണ്ടത്തല്‍. വാദം പൂര്‍ത്തിയായി 9 മാസത്തിന് ശേഷമാണ് ഇങ്ങനെ ഒരു വിധി സുപ്രീംകോടതിയില്‍ നിന്നുണ്ടാകുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അ‍ഞ്ചംഗ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. രണ്ട് ജഡ്ജിമാര്‍ ഭൂരിപക്ഷ വിധിയോട് വിയോജിച്ചു.