LiveTV

Live

Kerala

വെണ്‍മണിയില്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പിടിയില്‍

വിശാഖപട്ടണത്ത് നിന്നാണ് ബംഗ്ലാദേശ് സ്വദേശികളായ രണ്ട് പേര്‍ പിടിയിലായത്

വെണ്‍മണിയില്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പിടിയില്‍

ചെങ്ങന്നൂർ വെൺമണിയിൽ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയിൽ. ബംഗ്ലാദേശ് പൗരന്മാരായ രണ്ടു പേരാണ് പിടിയിലായത്. വിശാഖപട്ടണത്തു വച്ച് കോറമണ്ഡൽ എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

വെൺമണി ആഞ്ഞിലിമൂട്ടിൽ എ.പി ചെറിയാൻ ഭാര്യ ലില്ലി ചെറിയാൻ എന്നിവരെ ഇന്നലെയാണ് വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. നാട്ടുകാരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ ഇവിടെ ജോലി ചെയ്യാനെത്തിയവരാണെന്ന നിഗമനത്തിൽ പോലീസെത്തിയത്. പ്രതികളെന്ന് സംശയിക്കുന്നവർക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചു.

ഇന്ന് പുലർച്ചെയാണ് ബംഗ്ലാദേശ് സ്വദേശികളായ ലബിലു, ജുവൽ എന്നീ രണ്ട് പ്രതികളെയും റയിൽവേ പോലീസ് വിശാഖപട്ടണത്തു നിന്ന് പിടികൂടിയത്. ഇവരിൽ നിന്ന് മോഷ്ടിച്ചെടുത്ത സ്വർണ്ണവും കണ്ടെടുത്തു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ കേരള പൊലീസ് സംഘം വിശാഖപട്ടണത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇവരെ നാട്ടിലെത്തിച്ച കരാറുകാരൻ ബംഗ്ലാദേശ് പൗരന്മാരാണെന്ന വിവരം പൊലീസിന് നൽകിയിരുന്നില്ലെന്ന് ചെങ്ങന്നൂർ ഡി.വൈ.എസ്.പി അറിയിച്ചു.