LiveTV

Live

Kerala

യുവതീ പ്രവേശന വിധി; സമാനതകളില്ലാത്ത പ്രതിഷേധങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും കേരളം സാക്ഷ്യം വഹിച്ച കാലം

കേരളത്തിലെ പ്രധാനപ്പെട്ട സാമുദായിക സംഘടനകളുടെ നേര്‍ക്കുനേര്‍ പോരാട്ടവും കേരളം കണ്ടു

യുവതീ പ്രവേശന വിധി;  സമാനതകളില്ലാത്ത പ്രതിഷേധങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും കേരളം സാക്ഷ്യം വഹിച്ച കാലം

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി കേരള സമൂഹത്തിന്റെ വിവിധ കോണുകളില്‍ വലിയ പ്രത്യാഘാതങ്ങളാണുണ്ടാക്കിയത്. വിധിയെ സ്വാഗതം ചെയ്ത് അദ്യം രംഗത്തെത്തിയ കോണ്‍ഗ്രസും ബി.ജെ.പിയും ദിവസങ്ങള്‍ക്കുള്ളില്‍ നിലപാട് മാറ്റിയതോടെ സമാനതകളില്ലാത്ത പ്രതിഷേധങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കുമാണ് കേരളം സാക്ഷ്യം വഹിച്ചത്. കേരളത്തിലെ പ്രധാനപ്പെട്ട സാമുദായിക സംഘടനകളുടെ നേര്‍ക്കുനേര്‍ പോരാട്ടവും കേരളം കണ്ടു.

2018 സെപ്റ്റംബര്‍ 28നാണ് സുപ്രീം കോടതി ഭരണഘടനാബഞ്ച് ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച വിധി പുറപ്പെടുവിച്ചത്. സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് സത്യവാങ്മൂലം നല്‍കിയ സംസ്ഥാന സര്‍ക്കാരിന് വിധി സ്വാഗതം ചെയ്യുന്നതിന് ഒരു സംശയവും ഉണ്ടായിരുന്നില്ല. സുപ്രീംകോടതി വിധി അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആദ്യം പ്രതികരിച്ചത്. ആരാധനാലയങ്ങളില്‍ എല്ലാവര്‍ക്കും തുല്യമായ അവകാശമെന്നതാണ് അഖിലേന്ത്യാതലത്തില്‍ ബി.ജെ.പി നയമെന്ന് അന്ന് സംസ്ഥാന അധ്യക്ഷനായിരുന്ന പി.എസ് ശ്രീധരന്‍ പിള്ളയും പ്രതികരിച്ചു.

എന്നാല്‍ എന്‍.എസ്.എസും പന്തളം കൊട്ടാരവും തന്ത്രികുടുംബവുമെല്ലാം വിധിക്കെതിരെ രംഗത്ത് വന്നതോടെ കോണ്‍ഗ്രസും ബി.ജെ.പിയും നിലപാട് മാറ്റി. വിശ്വാസികള്‍ക്കൊപ്പമെന്ന് പ്രഖ്യാപിച്ച് പരസ്യമായി തെരുവുകളിലിറങ്ങി. മണ്ഡലകാലത്ത് കേരളം കണ്ടത് സമാനതകളില്ലാത്ത പ്രതിഷേധങ്ങള്‍ക്കും അക്രമങ്ങള്‍ക്കും. ശബരിമലയിലെത്തിയ സ്ത്രീകളെ സംഘപരിവാറുകാര്‍ തടഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം. ഒന്നും ചെയ്യാന്‍ കഴിയാതെ പൊലീസ് നോക്കി നിന്നു. എന്‍എസ്എസ് നാമജപഘോഷയാത്രയുമായി തെരുവുകളില്‍ ഇറങ്ങിയപ്പോള്‍ എസ്.എന്‍.ഡി.പി പ്രതിഷേധങ്ങളില്‍ പങ്കെടുക്കാതെ മാറി നിന്നു. സാമുദായിക ധ്രുവീകരണമുണ്ടായപ്പോള്‍ പിന്നോക്ക സമുദായങ്ങളെ കൂടെകൂട്ടി നവോത്ഥാന സംരക്ഷണ സമിതി സര്‍ക്കാര്‍ രൂപീകരിച്ചു. ജനുവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ലക്ഷക്കണക്കിന് സ്ത്രീകളെ അണിനിരത്ത് വനിത മതില്‍ സംഘടിപ്പിച്ചു.

പിറ്റേദിവസം പുലര്‍ച്ചെ രണ്ട് യുവതികള്‍ പൊലീസ് സംരക്ഷണയോടെ മല ചവിട്ടി. പിന്നാലെ ഹര്‍ത്തലടക്കം വലിയ പ്രതിഷേധങ്ങള്‍ സംഘപരിവാര്‍ സംഘടിപ്പിച്ചു. വ്യാപകമായ അക്രമണമാണ് ഈ സമയത്ത് കേരളത്തില്‍ നടന്നത്. സ്ത്രീപ്രവേശനത്തെ എതിര്‍ത്ത പുനപരിശോധന ഹര്‍ജികളില്‍ വാദം കേട്ട് ഫെബ്രുവരി ആറിനാണ് വിധി പറയാന്‍ മാറ്റിയത്.

ഇതിനിടയില്‍ ശബരിമല യുവതീപ്രവേശനത്തിന്‍റെ പേരില്‍ ലോക്സഭ തെര‍ഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി ഇടത് മുന്നണിക്ക് ഉണ്ടായപ്പോള്‍ അതിന്‍രെ നേട്ടം കോണ്‍ഗ്രസിനുണ്ടായി. പ്രതിഷേധങ്ങളുടേയും അക്രമങ്ങളുടേയും പേരില്‍ നേട്ടമുണ്ടാക്കാമെന്ന് കരുതിയ ബിജെപിക്കും തിരിച്ചടി നേരിട്ടു. ലോക്സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടി ഉപതെര‍ഞ്ഞെടുപ്പുകളിലൂടെ ഒരു പരിധി വരെ മറികടന്ന സിപിഎമ്മിന് പുനപരിശോധന ഹര്‍ജികളിലെ സുപ്രീംകോടതി തീര്‍പ്പം നിര്‍ണ്ണായകം തന്നെയാണ്.