LiveTV

Live

Kerala

കാരുണ്യ പദ്ധതി പ്രകാരമുള്ള ചികിത്സ ഡിസംബര്‍ 1 മുതല്‍ നല്‍കില്ലെന്ന് സ്വകാര്യ ആശുപത്രികള്‍

ഇതുവരെ ചികിത്സ ലഭ്യമാക്കിയ ഇനത്തില്‍ 50 കോടി രൂപ ലഭിക്കാനുണ്ടെന്നും അത് ലഭിക്കാതെ ഇനി പദ്ധതിയുമായി സഹകരിക്കില്ലെന്നും കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍

 കാരുണ്യ പദ്ധതി പ്രകാരമുള്ള ചികിത്സ ഡിസംബര്‍ 1 മുതല്‍ നല്‍കില്ലെന്ന് സ്വകാര്യ ആശുപത്രികള്‍

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെയുള്ള ചികിത്സ ഡിസംബര്‍ ഒന്ന് മുതല്‍ നല്‍കാനാവില്ലെന്ന് സ്വകാര്യ ആശുപത്രികളുടെ സംഘടന. ഇതുവരെ ചികിത്സ ലഭ്യമാക്കിയ ഇനത്തില്‍ 50 കോടി രൂപ ലഭിക്കാനുണ്ടെന്നും അത് ലഭിക്കാതെ ഇനി പദ്ധതിയുമായി സഹകരിക്കില്ലെന്നും കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ അറിയിച്ചു.

ഈ വര്‍ഷം ഏപ്രില്‍ മുതല്‍ 2020 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 560 കോടി രൂപയാണ് സര്‍ക്കാര്‍ പ്രീമിയം ഇനത്തില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നല്‍കേണ്ടത്. ഇതില്‍ ഇതുവരെ നല്‍കിയത് 90 കോടി രൂപ മാത്രം. പുതിയ ഫണ്ട് ലഭിക്കാതെ ആശുപത്രികള്‍ ചെലവാക്കിയ പണം മടക്കി നല്‍കാനില്ലെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ അറിയിച്ചതോടെയാണ് കടുത്ത നിലപാടിലേക്ക് സ്വകാര്യ ആശുപത്രികളുടെ സംഘടനയും എത്തിയത്.

സ്വകാര്യ ആശുപത്രികളുടെ സംഘടനയില്‍ അംഗത്വമുള്ള 194 ആശുപത്രികളിലാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെയുള്ള ചികിത്സ ലഭ്യമാക്കുന്നത്. സ്വകാര്യ ആശുപത്രികള്‍ പദ്ധതിയുമായി സഹകരിക്കാതിരുന്നാല്‍ 40 ലക്ഷത്തോളം പേരെ ബാധിക്കും. സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചാല്‍ പോകുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.