LiveTV

Live

Kerala

ലീവ് ചോദിച്ച് വിളിച്ച അധ്യാപികയോട് അസഭ്യ വര്‍ഷം; പ്രധാനധ്യാപകന്‍ അറസ്റ്റില്‍

ഒറ്റപ്പാലം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

 ലീവ് ചോദിച്ച് വിളിച്ച അധ്യാപികയോട് അസഭ്യ വര്‍ഷം; പ്രധാനധ്യാപകന്‍ അറസ്റ്റില്‍

ഒറ്റപ്പാലം പിലാത്തറ എസ്.ഡി.വി.എം.എ.എല്‍.പി സ്കൂളിലെ അധ്യാപികയെ അസഭ്യം പറഞ്ഞ പ്രധാനധ്യാപകന്‍ അറസ്റ്റില്‍. ലീവ് ചോദിച്ച് വിളിച്ച അധ്യാപികയോടാണ് പ്രധാനധ്യാപകനായ ഉദുമന്‍ അപമര്യാദയായി പെരുമാറിയത്. ഒറ്റപ്പാലം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഉച്ചക്ക് ശേഷം അവധി വേണമെന്ന് ആവശ്യപ്പെട്ട സ്കൂൾ മാനേജറുടെ ഭാര്യ കൂടിയായ ടി.എൻ ഗിരിശ്വരിയോടാണ് പ്രധാന അധ്യാപകനായ ഉദുമാന്റെ അസഭ്യ വർഷം. പ്രധാനധ്യാപകന്റെ തെറിവിളിയുടെ ഓഡിയോ ക്ലിപ്പടക്കം ഉള്ള പരാതി ലഭിച്ചതോടെ ഒറ്റപ്പാലം പൊലീസ് ഉദുമാനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

നേരത്തെ പല തവണ അധ്യാപികമാരോട് ഉദുമാൻ മോശമായി പെരുമാറിയിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കും പൊലീസിനും ജില്ലാ കലക്ടർക്കും പരാതി നൽകിയിട്ടും ഇതുവരെ യാതെരു നടപടിയും എടുത്തിരുന്നില്ല. ഉറുമാന്റെ തെറി വിളി സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്.

നീ കളക്ടര്‍ക്ക് പരാതി കൊടുത്തില്ലേടീ..ആരാടീ എന്നൊക്കെയാണ് അധ്യാപകന്‍ അധ്യാപികയോട് ഫോണില്‍ പറയുന്നത്. സംഭാഷണത്തിനിടയില്‍ അധ്യാപികയെ തെറി വിളിക്കുന്നുമുണ്ട്. മാഷിന്റെ ഭാര്യയോടും മകളോടും ഇങ്ങിനെ പെരുമാറുമോ എന്ന് ചോദിക്കുമ്പോള്‍ നീ എന്റെ ഭാര്യ അല്ലല്ലോ എന്നാണ് അധ്യാപകന്റെ മറുപടി. ഇതിനിടയില്‍ അധ്യാപിക കരയുന്നുമുണ്ട്. ഇതിനപ്പുറം പറയുമെടി ഞാന്‍, എന്താടി വിചാരം എന്നും അധ്യാപകന്‍ വീറോടെ പറയുന്നുമുണ്ട്.

രണ്ട് വര്‍ഷത്തിലധികമായി ഉദുമനും സ്കൂളിലെ അധ്യാപികമാരും തമ്മില്‍ പ്രശ്നമുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രധാനധ്യാപകന്‍ സ്ത്രീകളോട് ലൈംഗികച്ചുവയോടെ സംസാരിക്കാറുണ്ടെന്നും പരാതിയുണ്ട്.