LiveTV

Live

Kerala

കോഴിക്കോട് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയ സംഭവം: രേഖാചിത്രം തയ്യാറാക്കി

ലഭിച്ച തലയോട്ടി ഉപയോഗിച്ചാണ് രേഖാചിത്രം തയ്യാറാക്കിയത്.

കോഴിക്കോട്  മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയ സംഭവം: രേഖാചിത്രം തയ്യാറാക്കി

കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് രേഖാചിത്രം തയ്യാറാക്കി. ലഭിച്ച തലയോട്ടി ഉപയോഗിച്ചാണ് രേഖാചിത്രം തയ്യാറാക്കിയത്. കയ്യും കാലും തലയും വെട്ടിമാറ്റിയ നിലയില്‍ പുരുഷ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്.

2017 ജൂലൈ ആറിനാണ് തലയും കയ്യും കാലുമില്ലാത്ത ശരീരഭാഗം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്. പിന്നീട് ചാലിയത്ത് നിന്ന് കയ്യുടെ ഭാഗം കിട്ടി. മറ്റൊരിടത്ത് നിന്നായി തലയോട്ടിയും. ഡി.എന്‍.എ പരിശോധനയില്‍ നാല് ശരീരഭാഗങ്ങളും ഒരാളുടേത് എന്ന് തിരിച്ചറിഞ്ഞിരുന്നു. ഈ സംഭവത്തിലാണ് തലയോട്ടി ഉപയോഗിച്ച് രേഖാചിത്രം തയ്യാറാക്കിയത്.

ഒരാളുടെ വിവിധ രീതിയിലുള്ള മൂന്ന് രേഖാചിത്രങ്ങള്‍ ക്രൈംബ്രാഞ്ച് പുറത്ത് വിട്ടു. രേഖാചിത്രം തയ്യാറാക്കിയതോടെ ആരാണ് കൊല്ലപ്പെട്ടതെന്നറിയാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച്. കൊലപാതകത്തിന് പിന്നില്‍ പ്രൊഫഷണല്‍ കൊലയാളികളാണെന്ന് സംശയിക്കുന്നതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ആളുകളെ കാണാതായ പരാതികളെ കേന്ദ്രീകരിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു.

തെളിവുകള്‍ നശിപ്പിക്കാനായാണ് വിവിധ ഇടങ്ങളിലായി മൃതദേഹത്തിന്റെ ഭാഗങ്ങള്‍ ഉപേക്ഷിച്ചതെന്നാണ് അന്വേഷണം സംഘത്തിന്റെ നിഗമനം. ക്രൈംബ്രാഞ്ച് ഐ.ജി ജയരാജിന്‍റെ നേതൃത്വത്തില്‍ ഡി.വൈ.എസ്.പി ബിജു കെ സ്റ്റീഫനാണ് കേസ് അന്വേഷിക്കുന്നത്.