LiveTV

Live

Kerala

കിനാലൂര്‍ എസ്റ്റേറ്റില്‍ വീട്ടമ്മമാര്‍ക്കെതിരെ അക്രമങ്ങള്‍ പതിവാകുന്നു

കഴിഞ്ഞ ദിവസം എസ്റ്റേറ്റിലെ പാടിയില്‍ വീട്ടമ്മയെ കഴുത്തില്‍ കയര്‍ കുരുക്കി അ‍ജ്ഞാതന്‍ വധിക്കാന്‍ ശ്രമിച്ചു

കിനാലൂര്‍ എസ്റ്റേറ്റില്‍ വീട്ടമ്മമാര്‍ക്കെതിരെ അക്രമങ്ങള്‍ പതിവാകുന്നു

കോഴിക്കോട് കിനാലൂര്‍ എസ്റ്റേറ്റില്‍ വീട്ടമ്മമാരെ ലക്ഷ്യം വെച്ച് നടക്കുന്ന അക്രമങ്ങള്‍ പതിവാകുന്നു. കഴിഞ്ഞ ദിവസം എസ്റ്റേറ്റിലെ പാടിയില്‍ വീട്ടമ്മയെ കഴുത്തില്‍ കയര്‍ കുരുക്കി അ‍ജ്ഞാതന്‍ വധിക്കാന്‍ ശ്രമിച്ചു. ഒരാഴ്ച മുമ്പ് സമീപ പ്രദേശത്ത് വീട്ടമ്മക്കു നേരെയും അക്രമമുണ്ടായിരുന്നു. സംഭവത്തില്‍ ‌‍പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ചരയോടെയാണ് കൈതച്ചാലില്‍ ശ്രീജക്കു നേരെ അക്രമമുണ്ടായത്.അടുക്കള ജോലി ചെയ്യുകയായിരുന്ന ശ്രീജയെ അ‍‍ജ്ഞാതന്‍ പിന്നിലൂടെ വന്ന് മുഖം പൊത്തിയ ശേഷം ഗ്രില്ലിനോട് ചേര്‍ത്ത് കൈ കെട്ടിയിട്ടു. കഴുത്തില്‍ കയര്‍ മുറുക്കിയതിനാല്‍ ശബ്ദമുണ്ടാക്കാനും കഴിഞ്ഞില്ലെന്ന് ശ്രീജ പറയുന്നു. കൈക്ക് കടിച്ചതോടെ അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. മഴക്കോട്ടു ധരിച്ചാണ് അക്രമിയെത്തിയത്.

ഒരാഴ്ച മുമ്പ് സമീപ പ്രദേശത്തെ മറ്റൊരു സ്ത്രീക്കു നേരെയും അക്രമം നടന്നു. അക്രമം നടക്കുന്നതിനു മുമ്പ് ഈ വീടിന്റെ ചുമരില്‍ അവ്യക്തമായ എഴുത്തുകളും കണ്ടിരുന്നു. പ്രഭാത ഭക്ഷണം തയ്യാറാക്കുന്നതിനിടെ വിറകുപുരയില്‍ വെച്ചാണ് വീട്ടമ്മയെ അക്രമിച്ചത്.വായ് പൊത്തി പിടിച്ച് മുഖത്ത് കടിച്ച് പരിക്കേല്‍പ്പിച്ച ശേഷം അക്രമി സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. ഈ സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് രണ്ടാമതും ആക്രമണമുണ്ടായിരിക്കുന്നത്.