LiveTV

Live

Kerala

പെന്‍റവാലന്‍റ് വാക്സിന്‍ കാസര്‍കോട്ടെ ആശുപത്രികളിലെത്തി

ജില്ലയിലെ മരുന്ന് ക്ഷാമം മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് നടപടി.‌

പെന്‍റവാലന്‍റ് വാക്സിന്‍ കാസര്‍കോട്ടെ ആശുപത്രികളിലെത്തി

കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ രണ്ടാഴ്ചയിലധികമായി ലഭ്യമല്ലാതിരുന്ന പെന്‍റവാലന്‍റ് വാക്സിന്‍ ജില്ലയിലെ ആശുപത്രികളിലെത്തി. നവജാത ശിശുക്കള്‍ക്ക് ആറോളം രോഗങ്ങളെ പ്രതിരോധിക്കാനായി നല്‍കുന്നതാണ് പെന്‍റവാലന്‍റ് വാക്സിന്‍. ജില്ലയിലെ മരുന്ന് ക്ഷാമം മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് നടപടി.‌

കാസര്‍കോട്ടെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലും കഴിഞ്ഞ രണ്ടാഴ്ചയിലധികമായി പെന്‍റവാലന്‍റ് വാക്സിന്‍ ഉണ്ടായിരുന്നില്ല. വാക്സിന്‍ കുത്തിവെപ്പെടുക്കാനായി ആശുപത്രികളിലെത്തുന്നവര്‍ മരുന്നില്ലെന്ന് കേട്ട് മടങ്ങേണ്ട സ്ഥിതിയായിരുന്നു. വാക്സിന്‍ ക്ഷാമം മീഡിയവണ്‍ റിപ്പോര്‍ട് ചെയ്തതിന് പിറകെയാണ് ജില്ലയിലേക്ക് 5000 ഡോസ് പെന്‍റവാലന്‍റ് വാക്സിന്‍ എത്തിയത്. എന്നാല്‍ 15000ത്തിലധികം ഡോസുകളാണ് ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നത്. ഈ ആവശ്യം പരിഗണിച്ച് ബാക്കി വരും ദിവസങ്ങളില്‍ ലഭ്യമാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. വാക്സിന്‍ കുത്തിവെപ്പിനായി എറ്റവും കൂടുതല്‍ കുട്ടികളെത്താറുള്ള കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ അടുത്ത മൂന്നാഴ്ച വരെ നല്‍കാനുള്ള വാക്സിന്‍ ഇപ്പോള്‍ എത്തിയിട്ടുണ്ട്.

നവജാത ശിശുക്കള്‍ക്ക് ഒന്നര മാസം പ്രായമാകുന്നത് മുതല്‍ ഓരോ മാസം ഇടവേളയില്‍ കൃത്യമായ കാലക്രമം പാലിച്ച് മൂന്ന് ഘട്ടങ്ങളിലായി നല്‍കേണ്ടതാണ് പെന്‍റവാലന്‍റ് വാക്സിന്‍. രണ്ടാഴ്ചയിലധികം മരുന്ന് ഇല്ലാതായതോടെ രക്ഷിതാക്കളും ആശുപത്രി അധികൃതരും ആശങ്കയിലായിരുന്നു. വാക്സിന്‍ എത്തിയതോടെ ഇന്ന് മുതല്‍ കുട്ടികള്‍ക്ക് ഇത് നല്‍കി തുടങ്ങും.