LiveTV

Live

Kerala

തമിഴ്നാട്ടില്‍ പിടിയിലായ മാവോയിസ്റ്റ് ദീപകിനെ കേരള പൊലീസ് ചോദ്യംചെയ്യും

അട്ടപ്പാടി മേലെ മഞ്ചിക്കണ്ടിയിലുണ്ടായ വെടിവെപ്പിനിടെ രക്ഷപ്പെട്ടെന്ന് കരുതുന്ന ദീപകിനെ കേരള - തമിഴ്നാട് അതിർത്തി ഗ്രാമമായ ആനക്കട്ടിക്ക് സമീപത്തുനിന്ന് ഇന്നലെയാണ് ടാസ്ക് ഫോഴ്സ് പിടികൂടിയത്

തമിഴ്നാട്ടില്‍ പിടിയിലായ മാവോയിസ്റ്റ് ദീപകിനെ  കേരള പൊലീസ് ചോദ്യംചെയ്യും

തമിഴ്നാട് ടാസ്ക് ഫോഴ്സിന്റെ പിടിയിലായ മാവോയിസ്റ്റ് ദീപകിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് തമിഴ്നാട്ടിലെത്തും. അട്ടപ്പാടി മേലെ മഞ്ചിക്കണ്ടിയിലുണ്ടായ വെടിവെപ്പിനിടെ രക്ഷപ്പെട്ടെന്ന് കരുതുന്ന ദീപകിനെ കേരള - തമിഴ്നാട് അതിർത്തി ഗ്രാമമായ ആനക്കട്ടിക്ക് സമീപത്തുനിന്ന് ഇന്നലെയാണ് ടാസ്ക് ഫോഴ്സ് പിടികൂടിയത്.

സംസ്ഥാന അതിർത്തിയിൽ നിന്ന് ഒരു കിലോ മീറ്റർ അകലെ ആനക്കട്ടിക്ക് സമീപം കാട്ടിൽ പെട്രോളിങ്ങിനിടെ ദീപകിനെ ടാസ്ക് ഫോഴ്സ് പിടികൂടുകയായിരുന്നു. ഇടതു കാൽ മുട്ടിൽ മുറിവുള്ള ദീപക്കിനെ കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നൽകി. മേലെ മഞ്ചിക്കണ്ടി വനത്തിൽ വെടിവെപ്പിനിടെ ദീപക് രക്ഷപ്പെട്ടതായി പൊലീസ് വ്യക്തമാക്കിയിരുന്നു. മുറിവ് അന്ന് സംഭവിച്ചതാവാമെന്നാന്ന് പൊലീസിന്റെ നിഗമനം. കേരള - തമിഴ്നാട് കർണാടക മേഖലയിലെ മാവോയിസ്റ്റുകൾക്ക് സായുധ പരിശീലനം നൽകുന്നത് ദീപക് ആണെന്നാന്ന് പൊലീസിന്റെ കണ്ടെത്തൽ.

ദീപക് ആയുധ പരിശീലനം നൽകുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പൊലീസ് പുറത്തു വിട്ടിരുന്നു. ദീപകിൽ നിന്നും ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള ദീപകിനെ ചോദ്യം ചെയ്യാൻ കേരളത്തിൽ നിന്നും ഉന്നത പൊലീസ് സംഘം ഇന്ന് തമിഴ്നാട്ടിലെത്തുമെന്ന് സൂചനയുണ്ട്.

മഞ്ചിക്കണ്ടിയിലെ മാവോയിസ്‌റ്റ് ഏറ്റുമുട്ടലിനെതിരെ ഉയർന്ന വ്യാപക പ്രതിഷേധത്തിൽ പ്രതിരോധത്തിലായ പൊലീസിന് ദീപകിന്റെ അറസ്റ്റ് ആശ്വാസം പകരുന്നതാണ്. മാവോയിസ്റ്റുകൾക്കെതിരായ കേരള പൊലീസിന്റെ നിലപാട് ശരിവയ്ക്കുന്നതാണ് ദീപകിന്റെ അറസ്റ്റ് എന്ന പ്രചാരണവും ആഭ്യന്തര വകുപ്പ് നടത്തുന്നുണ്ട്.