LiveTV

Live

Kerala

കായികമേളയില്‍ അനാസ്ഥ: പരിക്കേറ്റ വിദ്യാര്‍ഥി ചികിത്സ കിട്ടാതെ ഗ്രൌണ്ടില്‍ കിടന്നത് അര മണിക്കൂര്‍ 

വേദന കൊണ്ട് നിലത്ത് വീണ കുട്ടി പ്രാഥമിക ചികിത്സ പോലും ലഭിക്കാതെ അരമണിക്കൂറോളമാണ് ട്രാക്കില്‍ കിടന്നത്.

കായികമേളയില്‍ അനാസ്ഥ: പരിക്കേറ്റ വിദ്യാര്‍ഥി ചികിത്സ കിട്ടാതെ ഗ്രൌണ്ടില്‍ കിടന്നത് അര മണിക്കൂര്‍ 

എറണാകുളത്ത് നടക്കുന്ന റവന്യൂ കായികമേളക്കിടെ പരിക്കേറ്റ വിദ്യാര്‍ഥിക്ക് ചികിത്സ വൈകിയെന്ന് ആരോപണം. പ്രാഥമിക ചികിത്സ പോലും ലഭിക്കാതെ വിദ്യാര്‍ഥി ഗ്രൌണ്ടില്‍ അര മണിക്കൂറോളം കിടന്നു. വിവിധ ആവശ്യങ്ങളുന്നയിച്ച് മേളക്കിടെ കായിക അധ്യാപകരുടെ പ്രതിഷേധവും ഉണ്ടായി.

കോതമംഗലം എം.എ കോളേജ് ഗ്രൗണ്ടിലാണ് ഇത്തവണത്തെ റവന്യൂ കായികമേള നടക്കുന്നത്. രാവിലെ നടന്ന സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തിനിടെ മത്സരാര്‍ഥി പുത്തൻവേലിക്കര ഇളന്തിക്കര ഹൈസ്കൂളിലെ ഐവിൻ ടോമിയുടെ കൈയുടെ മസില്‍ കയറി. വേദന കൊണ്ട് നിലത്ത് വീണ കുട്ടി പ്രാഥമിക ചികിത്സ പോലും ലഭിക്കാതെ അരമണിക്കൂറോളമാണ് ട്രാക്കില്‍ കിടന്നത്.

അരമണിക്കൂര്‍ കഴിഞ്ഞ് സ്ട്രെച്ചര്‍ എത്തിച്ചാണ് കുട്ടിയ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ സ്ട്രെച്ചര്‍ എത്തിച്ചിട്ടും പിടിക്കാന്‍ പോലും ആരും സഹകരിച്ചില്ലെന്ന് മെഡിക്കല്‍ സംഘവും പരാതിപ്പെട്ടു. കുടിവെള്ള സൌകര്യം പോലും ഏര്‍പ്പെടുത്താതെയാണ് മേള തുടങ്ങിയത് എന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ 163 ദിവസമായി ചട്ടപ്പടി സമരം നടത്തുന്ന കായികാധ്യാപകർ റവന്യൂ ജില്ലാ കായികമേള നടക്കുന്ന ഗ്രൗണ്ടിലും പ്രതിഷേധ പ്രകടനം നടത്തി.