LiveTV

Live

Kerala

കെ.പി.സി.സി സെക്രട്ടറിമാരുടെ പ്രഖ്യാപനം വൈകിയേക്കും;  തീരുമാനം ജംബോ പട്ടികയെന്ന ആക്ഷേപം ഒഴിവാക്കാന്‍ 

ജംബോ പട്ടികയെന്ന ആക്ഷേപം ഒഴിവാക്കാനാണ് പുതിയ നീക്കം

കെ.പി.സി.സി സെക്രട്ടറിമാരുടെ പ്രഖ്യാപനം വൈകിയേക്കും;  തീരുമാനം ജംബോ പട്ടികയെന്ന ആക്ഷേപം ഒഴിവാക്കാന്‍ 

കെ.പി.സി.സി ഭാരവാഹികളെ രണ്ട് ഘട്ടമായി പ്രഖ്യാപിക്കാന്‍ ആലോചന. വര്‍ക്കിങ് പ്രസിഡന്റ്, വൈസ് പ്രസിഡന്‍റ്, ട്രഷറര്‍, ജനറല്‍ സെക്രട്ടറി എന്നിവരെ മാത്രം ആദ്യം പ്രഖ്യാപിക്കും. ജംബോ കമ്മിറ്റിയെന്ന വിമര്‍ശനം ഒഴിവാക്കാനാണ് പുതിയ നീക്കം. വര്‍ക്കിങ് പ്രസിഡന്റ് പദവിയും വൈസ് പ്രസിഡന്‍റ് പദവിയും നിലനിര്‍ത്താനും ധാരണയായി.

വൈസ്പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി, സെക്രട്ടറിമാരുള്‍പ്പെടെ കെ.പി.സി സി തയാറാക്കിയ ഭാരവാഹികളുടെ എണ്ണം 80 കവിഞ്ഞിരുന്നു. ഈ ജംബോ പട്ടികക്കെതിരെ വിമര്‍ശം ശക്തമായ സാഹചര്യത്തിലാണ് രണ്ട് ഘട്ടമായി പ്രഖ്യാപിക്കണമെന്ന ആലോചന ഉയര്‍ന്നത്. വര്‍ക്കിങ് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നീ ഭാരവാഹികളുടെ പ്രഖ്യാപനം ആദ്യഘട്ടമായി നടത്തും.

മുപ്പതഞ്ചോളം ഭാരവാഹികളാകും ഇക്കൂട്ടത്തിലുണ്ടാവുക. സെക്രട്ടറിമാരുടെയും കെ.പി.സി.സി നിര്‍വാഹക സമിതിയംഗങ്ങളുടെയും പട്ടിക പിന്നീട് പ്രഖ്യാപിക്കും. ജംബോ പട്ടികയെന്ന വിമര്‍ശം ഇതോടെ ഒഴിവാക്കാമെന്നാണ് നേതാക്കള്‍ കരുതുന്നത്. ജനറല്‍ സെക്രട്ടറി വരെയുള്ളവരാണ് പാര്‍ട്ടി ഭരണഘടനാപരമായി ഭാരവാഹികള്‍ എന്ന വിശദീകരണവും നേതാക്കള്‍ നല്‍കുന്നുണ്ട്.

കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ ഭാരവാഹിത്വത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നതിനാല്‍ വര്‍ക്കിങ് പ്രസിഡന്‍റ് പദവി നിലനിര്‍ത്താനാണ് സാധ്യത. വി.ഡി സതീശന്‍ കൂടി വര്‍ക്കിങ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് വരും. വി.എസ് ശിവകുമാര്‍ ഉള്‍പ്പെടെ ഏതാനം പേര്‍ വൈസ് പ്രസിഡന്‍റുമാരായും ഉണ്ടാകും. കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം അധ്യക്ഷന്‍ കെ.കെ കൊച്ചുമുഹമ്മദ് ട്രഷററാകാന്‍ സാധ്യതയുണ്ട്. തമ്പാനൂര്‍ രവി, ശൂരനാട് രാജശേഖരന്‍ എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരായി തന്നെ തുടര്‍ന്നേക്കും.

യുവനിരയില്‍ നിന്ന് സി.ആര്‍ മഹേഷ്, വി ജോയി എന്നിവരും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വന്നേക്കും.രണ്ട് ദിവസത്തിനകം പ്രഖ്യാപനമുണ്ടാകുമെന്ന സൂചനയാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്നത്.