LiveTV

Live

Kerala

സിഡ്‍കോ ഖനന അഴിമതിക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

മുന്‍ എം.ഡി സജി ബഷീര്‍ അടക്കം ആറു പേര്‍ക്ക് എതിരായാണ് കുറ്റപത്രം, മണല്‍ കടത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന് വിജിലന്‍സ് കുറ്റപത്രത്തില്‍ പറയുന്നു

സിഡ്‍കോ ഖനന അഴിമതിക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

സിഡ്‍കോ ഖനന അഴിമതിയില്‍ വിജിലന്‍സ് പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മുന്‍ എം.ഡി സജി ബഷീര്‍ അടക്കം ആറു പേര്‍ക്ക് എതിരായാണ് കുറ്റപത്രം. മണല്‍ കടത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന് വിജിലന്‍സ് കുറ്റപത്രത്തില്‍ പറയുന്നു. കുറ്റപത്രത്തിന്‍റെ പകര്‍പ്പ് മീഡിയ വണിന് ലഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സിഡ്‍കോയില്‍ 2006 മുതല്‍ മാനേജിംഗ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്ന സജി ബഷീറും അസിസ്റ്റന്‍റ് മാനേജറായിരുന്ന എസ്.

അജിത് കുമാറും ചേര്‍ന്ന് ടെലി കോം സിറ്റി പ്രൊജക്ടിന്‍റെ പേരില്‍ വ്യാപകമായി മണല്‍ കടത്തിയെന്നാണ് വിജിലന്‍സിന്‍റെ കുറ്റപത്രം. 27 ഏക്കര്‍ ഭൂമിയിലെ മണലാണ് കടത്തിയത്. ഇതിനായി ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്.ഒ.എം പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഡയറക്ടര്‍ സഞ്ജയ് ഗോയല്‍, നവനേന്ദ്ര ഗാര്‍ഗ്, മുഹമ്മദ് സാദീഖ് ഹുസൈന്‍ എന്നിവരുമായി പ്രതികള്‍ ഗൂഢാലോചന നടത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു.

മണല്‍ ഖനനം നടത്തി കടത്തിയ ശേഷം ഗര്‍ത്തങ്ങളില്‍ ചെമ്മണ്ണ് ഇട്ട് നിറച്ചതായും കുറ്റപത്രം ചൂണ്ടിക്കാണിക്കുന്നു. ഇതിലൂടെ മൂന്നര കോടിയുടെ നഷ്ടമാണ് സിഡ്‍കോയ്ക്ക് ഉണ്ടായത്. ഒന്നും രണ്ടും പ്രതികളായ സജി ബഷീറും അജിത് കുമാറും ഔദ്യോഗിക പദവി തട്ടിപ്പിനായി ദുരുപയോഗം ചെയ്തതായും കുറ്റപത്രത്തിലുണ്ട്. വിവിധ പൊതുപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2014ലാണ് സിഡ്കോയിലെ മണല്‍ ഖനനം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. ഇക്കഴിഞ്ഞ ജൂണില്‍ തയ്യാറാക്കിയ കുറ്റപത്രം വിജിലന്‍സ് കോടതി മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്.