LiveTV

Live

Kerala

പവര്‍ ലിഫ്റ്റിങ് ചാമ്പ്യനെ റാഗ് ചെയ്തതായി പരാതി

ആക്രമണത്തിനിരയായ വിദ്യാര്‍ഥിയുടെ തോളെല്ലിന് സാരമായി പരിക്കേറ്റിട്ടുണ്ട്

പവര്‍ ലിഫ്റ്റിങ് ചാമ്പ്യനെ റാഗ് ചെയ്തതായി പരാതി

എറാണാകുളം ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജില്‍ ദേശീയ പവര്‍ ലിഫ്റ്റിങ് ചാമ്പ്യനായ ഒന്നാം വര്‍ഷ വിദ്യാര്‍ഥി റാഗിംങിനിരയായതായി പരാതി. ആക്രമണത്തിനിരയായ വിദ്യാര്‍ഥിയുടെ തോളെല്ലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം നടപടി സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തിലധികം വരുന്ന ഹൌസ് സര്‍ജന്‍മാര്‍ അടങ്ങുന്ന സംഘം അകാരണമായി മര്‍ദ്ദിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

പവര്‍ ലിഫ്റ്റിങ് ദേശീയ ചാമ്പ്യനായ അനക്സ് റോണ്‍ ഫിലിപ്പിനാണ് മര്‍ദ്ദനമേറ്റത്. നേരത്തെ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ് ശ്രമത്തെ അനക്സ് റോണ്‍ എതിര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ പകമൂലമാണ് തന്നെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചതെന്നും അനക്സ് റോണ്‍ പറഞ്ഞു

ഹൌസ് സര്‍ജന്‍മാരായ ആകര്‍ഷ് , അശ്വജിത്ത്, നജീം എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്നാണ് പരാതിയില്‍ പറയുന്നത്. അതെ സമയം തങ്ങള്‍ മര്‍ദ്ദിച്ചിട്ടില്ലെന്നും വാക്കു തര്‍ക്കമാണുണ്ടായതെന്നും ആരോപണ വിധേയര്‍ പറഞ്ഞു. സംഭവത്തില്‍ കേളേജ് വൈസ് പ്രിന്‍സിപ്പാളിന്‍റെ നേതൃത്വത്തിലുള്ള ആഭ്യന്തര സമിതി അന്വേഷണം ആരംഭിച്ചു. അന്വേഷണം പൂര്‍ത്തിയായ ശേഷം റിപ്പോര്‍ട്ട് പൊലീസിന് കൈമാറും.