LiveTV

Live

Kerala

മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിലൂടെയെന്ന് സർക്കാർ ഹൈക്കോടതിയിൽ

മൃതദേഹങ്ങൾ സംസ്ക്കരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിൽ ചൊവാഴ്ച ഹൈക്കോടതി വിധി പറഞ്ഞേക്കും

മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിലൂടെയെന്ന് സർക്കാർ ഹൈക്കോടതിയിൽ

പാലക്കാട് മഞ്ചിക്കണ്ടിയിൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിലൂടെയെന്ന് സർക്കാർ ഹൈക്കോടതിയിൽ. മൃതദേഹങ്ങൾ സംസ്ക്കരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിൽ ചൊവാഴ്ച ഹൈക്കോടതി വിധി പറഞ്ഞേക്കും. കോടതി ഉത്തരവ് വരുന്നത് വരെ മൃതദേഹം സംസ്ക്കരിക്കാനാവില്ല. നാലു മാവോയിസ്റ്റുകളുടെയും മരണം ഏറ്റുമുട്ടലിനിടെയാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമകുന്നതായി സർക്കാർ കോടതിയെ അറിയിച്ചു. കൊല്ലപ്പെട്ട മണിവാസകത്തിന്റെ കാലിലുള്ള മുറിവ് മരണ സമയത്ത് ഉയരമുള്ള സ്ഥലത്തു നിന്ന് താഴേക്ക് പതിച്ചതുകൊണ്ടുണ്ടായതാവാം. വെടിവെച്ചത് തൊട്ടടുത്തു നിന്നല്ലെന്ന് പോസ്റ്റമോർട്ടത്തിൽ വ്യക്തമാണെന്നും സർക്കാർ അറിയിച്ചു. കേസ് ഡയറി പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നിവ കോടതിയിൽ സമർപ്പിച്ചു.

തണ്ടർബോൾട്ട് സേനാംഗങ്ങൾ വനത്തിനുള്ളിൽ തെരച്ചിൽ നടത്തുന്നതിനിടെ മാവോയിസ്റ്റുകളാണ് ആദ്യം വെടിവെച്ചത്. തുടർന്ന് തിരിച്ചടിയ്ക്കുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയായവരാണ് കൊല്ലപ്പെട്ടത്. എ.കെ.47 തോക്കുപയോഗിച്ചാണ് പോലീസിനെ വെടിവെച്ചത്. ഒഡീഷയിലെ ആംഡ് ഫോഴ്സിൽ നിന്നും മോഷ്ടിച്ച തോക്കുകളടക്കം നിരവധി സാമഗ്രികൾ സ്ഥലത്തു നിന്നും കണ്ടെടുത്തു. മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ വാദിച്ചു. കൊല്ലപ്പെട്ടവർക്കെതിരെ മാത്രം കേസെടുത്തിരിയ്ക്കുന്ന സാഹചര്യത്തിൽ സ്വതന്ത്രവും നീതിയുക്തമുമായ അന്വേഷണം നടക്കില്ല. മൃഗങ്ങൾക്കു പോലും അവകാശങ്ങളുള്ള നാട്ടിൽ മനുഷ്യാവകാശങ്ങളില്ലെന്നും ഹർജിക്കാർ അറിയിച്ചു.