LiveTV

Live

Kerala

യുഎപിഎ പിന്‍വലിക്കുന്നതില്‍ ഇടപെടില്ലെന്ന് സി.പി.എം

നടപടിയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പറഞ്ഞു

യുഎപിഎ പിന്‍വലിക്കുന്നതില്‍ ഇടപെടില്ലെന്ന് സി.പി.എം

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത അലനേയും താഹയേയും സി.പി.എം കൈവിടുന്നു. രണ്ട് പേർക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് വ്യക്തമാക്കി കോഴിക്കോട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് റിപ്പോർട്ട് നൽകി. അതേസമയം യു.എ.പി.എ നിലപാടില്‍ മാറ്റമില്ലെന്ന് സി.പി.എം കേന്ദ്ര നേതൃത്വം വ്യക്തമാക്കി. അലനേയും താഹയേയും അറസ്റ്റ് ചെയ്തതിന് തുടര്‍ന്ന് കോഴിക്കോട് ജില്ലാ നേതൃത്വം നൽകിയ റിപ്പോർട്ട് രാവിലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിശദമായി ചർച്ച ചെയ്തു. കുപ്പുദേവരാജ് പൊലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടതിന് ശേഷം അലനും താഹയ്ക്കും മാവോയിസ്റ്റ് അനുഭാവം ഉണ്ടെന്നും, നിലവിൽ ഇരുവർക്കും മാവോയിസ്റ്റ് ബന്ധം ഉണ്ടെന്നുമാണ് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിച്ചത്. സ്ഥിതി ഗുരുതരമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

റിപ്പോർട്ട് ചർച്ച ചെയ്ത സെക്രട്ടറിയേറ്റ് നിലവിൽ യു.എ.പി.എ പിൻവലിക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കേണ്ട എന്ന ധാരണയിലെത്തി. യു.എ.പി.എ സമിതി ഇക്ക്യാരത്തിൽ അന്തിമ തീരുമാനമെടുക്കട്ടെ എന്നാണ് പാർട്ടി തീരുമാനം.നിലവിൽ സർക്കാർ യു.എ.പി.എ പിൻവലിച്ചാൽ എൻ.ഐ.എ കേസ് ഏറ്റെടുക്കുമെന്ന വിലയിരുത്തലും യോഗത്തിലുണ്ടായി. അങ്ങനെ എൻ.കെ.എ ഏറ്റടുത്താൽ ദേശീയ തലത്തിൽ സി.പി എമ്മിനെ രാഷ്ട്രിയ പ്രചരണം നടത്താനുള്ള സാധ്യതയും നേതൃത്വം കാണുന്നുണ്ട്. അലന്‍റേയും താഹയുടേയും കാര്യത്തില്‍ പോലീസിന്‍റെ നിഗമനം വെച്ച് പാർട്ടിക്ക് നിലപാട് എടുക്കാനാവില്ലെന്ന് കോഴിക്കോട് ജില്ലാസെക്രട്ടറി പി മോഹനന്‍ വ്യക്തമാക്കി.

അതിനിടെ തുടര്‍ച്ചയായി വിവാദങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ സി.പി.എം സംസ്ഥാനസെക്രട്ടറിയേറ്റ് മാവോയിസ്റ്റ് യു.എ.പി.എ വിഷയങ്ങളില്‍ പ്രസ്താവനയിറക്കി. ഇടതുപക്ഷ സര്‍ക്കാരുകള്‍ അധികാരത്തിലിരുന്ന സംസ്ഥാനങ്ങളില്‍ അട്ടിമറി പ്രവര്‍ത്തനം നടത്തുന്നതിനാണ് എക്കാലത്തും മാവോയിസ്റ്റുകള്‍ ശ്രമിയ്‌ക്കുന്നതെന്നും മാവോയിസ്റ്റുകല്‍ ഭീകരവാദ സംഘടനായുടെ ഭാഗമാണെന്നും സി.പി.എം പ്രസ്താവനയില്‍ പറയുന്നു. പൗരാവകാശങ്ങള്‍ക്ക്‌ നേരെയുള്ള കടന്നാക്രമണമാണ്‌ യു.എ.പി.എ എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പറയുന്ന സെക്രട്ടറിയേറ്റ് കോണ്‍ഗ്രസ്സും ബി.ജെ.പിയും കൈകോര്‍ത്ത്‌ പാസ്സാക്കിയ കേന്ദ്ര നിയമത്തില്‍ സംസ്ഥാനത്തിന് ഇടപെടാനുള്ള പരിമിതിയും വ്യക്തമാക്കുന്നുണ്ട്. യു.എ.പി.എ നിലപാടില്‍ മാറ്റമില്ലെന്നും 16,17 തിയതികളില്‍ ചേരുന്ന പി.ബി വിഷയം ചര്‍ച്ച ചെയ്യുമെന്നും സി.പി.എം കേന്ദ്രനേതൃത്വവും അറിയിച്ചു.