LiveTV

Live

Kerala

എം.വി.ആര്‍ അനുസ്മരണത്തിനൊരുങ്ങി സി.പി.എം

സി.പി.എമ്മിന്‍റെ എം.വി.ആര്‍ അനുസ്മരണ പരിപാടിക്കെതിരെ സി.എം.പി സി.പി ജോണ്‍ വിഭാഗം രംഗത്തെത്തി

എം.വി.ആര്‍ അനുസ്മരണത്തിനൊരുങ്ങി സി.പി.എം

എം.വി രാഘവന്‍റെ അഞ്ചാം ചരമ വാര്‍ഷിക ദിനാചാരണവുമായി ഇത്തവണ സി.പി.എമ്മും. രണ്ട് വിഭാഗം സി.എം.പിക്കാര്‍ക്ക് പുറമെയാണ് ഇത്തവണ പ്രമുഖ നേതാക്കളെ പങ്കെടുപ്പിച്ച് സി.പി.എമ്മും എം.വി.ആറിന്‍റെ ചരമ വാര്‍ഷിക ദിനം ആചരിക്കുന്നത്.

നവംബര്‍ ഒന്‍പതിന് രാവിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയോടെയാണ് സി.പി.എം നേതൃത്വത്തിലുളള എം.വി.ആര്‍ അനുസ്മരണത്തിന് തുടക്കം കുറിക്കുക. വൈകിട്ട് നടക്കുന്ന അനുസ്മരണ സമ്മേളനം പാര്‍ട്ടി കേന്ദ്രകമ്മറ്റി അംഗം എം.വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും.

ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍, എം.വി ആറിന്‍റെ മകന്‍ എം.വി നികേഷ് കുമാര്‍ എന്നിവര്‍ക്കൊപ്പം എല്‍.ഡി.എഫിന്‍റെ പ്രമുഖ നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും.

ചടങ്ങില്‍ സി.പി.എം കേന്ദ്ര കമ്മറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിക്ക് എം.വി.ആര്‍ പുരസ്കാരം സമ്മാനിക്കും. എന്നാല്‍ പരിപാടിയുടെ പ്രചാരണാര്‍ത്ഥം സ്ഥാപിച്ച ബോര്‍ഡുകളില്‍ ഒന്നിലും സി.പി.എമ്മിന്‍റെ പേരില്ല. ഇതിനിടെ സി.പി.എമ്മിന്‍റെ എം.വി.ആര്‍ അനുസ്മരണ പരിപാടിക്കെതിരെ സി.എം.പി സി.പി ജോണ്‍ വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.

എം.വി രാഘവന്‍റെ ഇളയ മകന്‍ എം.വി രാജേഷിന്‍റെ നേതൃത്വത്തിലുളള സി.എം.പിയും സി.പി ജോണ്‍ വിഭാഗം സി.എം.പിയും ഇതേ ദിവസം എം.വി.ആര്‍ അനുസ്മരണം സംഘടിപ്പിച്ചിട്ടുണ്ട്.