LiveTV

Live

Kerala

റിസോര്‍ട്ടിലെ കൊലപാതകം: കുറ്റം സമ്മതിച്ച് പ്രതിയുടെ വീഡിയോ സന്ദേശം

ഇന്ന് രാവിലെയാണ് യുവാവിന്‍റെ മൃതദേഹം സ്വകാര്യ റിസോർട്ടിന് സമീപം കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തിയത്.

റിസോര്‍ട്ടിലെ കൊലപാതകം: കുറ്റം സമ്മതിച്ച് പ്രതിയുടെ വീഡിയോ സന്ദേശം

ഇടുക്കി ശാന്തന്‍പാറയില്‍ യുവാവിനെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് പ്രതിയുടെ വീഡിയോ സന്ദേശം. വീഡിയോയുടെ ഉറവിടം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് യുവാവിന്‍റെ മൃതദേഹം സ്വകാര്യ റിസോർട്ടിന് സമീപം കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തിയത്.

ശാന്തന്‍പാറ പുത്തടി മുല്ലൂർവീട്ടില്‍ 31 വയസുകാരനായ റിജോഷിനെ കൊലപ്പെടുത്തിയെന്നാണ് സ്വകാര്യ റിസോർട്ടിലെ മാനേജരായ തൃശൂർ സ്വദേശി വസീം സഹോദരന് വാട്സ് ആപില്‍ വീഡിയോ സന്ദേശം അയച്ചത്. റിജോഷിന്‍റെ ഭാര്യ ലിജിയെയും വസീമിനെയും കഴിഞ്ഞ നാലാം തീയതി മുതല്‍ കാണാതായയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇവരുടെ തിരോധാനത്തില്‍ അന്വേഷണം ഊർജിതമായതോടെയാണ് വസീം കുറ്റസമ്മതം നടത്തി വീഡിയോ സന്ദേശം അയച്ചത്.

ഐ.പി.എസ് ഓഫീസര്‍ ചമഞ്ഞ് കോടികള്‍ തട്ടിയ യുവാവ് പിടിയില്‍
Also Read

ഐ.പി.എസ് ഓഫീസര്‍ ചമഞ്ഞ് കോടികള്‍ തട്ടിയ യുവാവ് പിടിയില്‍

വസീമിന്റെ സഹോദരനാണ് വീഡിയോ പൊലീസിന് കൈമാറിയത്. ഒരാഴ്ചയായി റിജോഷിനെ കാണ്‍മാനില്ലെന്ന് കാട്ടി വീട്ടുകാർ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതേ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സ്വകാര്യ റിസോർട്ടിലെ ഭൂമിയില്‍ റിജോഷിന്റെ മൃതദേഹം ചാക്കില്‍കെട്ടിയ നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ വസീമിന്റെ സഹോദരനെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവർ കുറ്റക്കാരല്ലെന്നാണ് വസീമിന്റെ വീഡിയോ സന്ദേശത്തില്‍ പറയുന്നത്. റിജോഷിന്റെ ഭാര്യ ലിജിക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന.