LiveTV

Live

Kerala

യു.എ.പി.എ അറസ്റ്റ്; കോടതി പരാമര്‍ശത്തോടെ വെട്ടിലായത് സി.പി.എം നേതൃത്വം

യു.എ.പി.എ ചുമത്തിയതിനെതിരെ നിലപാട് സ്വീകരിക്കുമ്പോഴും കോടതിക്ക് പോലും ബോധ്യപ്പെടുന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചതോടെ തുടര്‍ന്ന് എന്ത് നിലപാട് സ്വീകരിക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്

യു.എ.പി.എ അറസ്റ്റ്; കോടതി പരാമര്‍ശത്തോടെ വെട്ടിലായത് സി.പി.എം നേതൃത്വം

കോഴിക്കോട് യു.എ.പി.എ ചുമത്തി അറസ്റ്റിലായ അലനും താഹക്കുമെതിരെ പ്രഥമദൃഷ്ട്യാ യു.എ.പി.എ നിലനില്‍ക്കുമെന്ന കോടതി പരാമര്‍ശത്തോടെ വെട്ടിലായത് സി.പി.എം നേതൃത്വം. യു.എ.പി.എ ചുമത്തിയതിനെതിരെ നിലപാട് സ്വീകരിക്കുമ്പോഴും കോടതിക്ക് പോലും ബോധ്യപ്പെടുന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചതോടെ തുടര്‍ന്ന് എന്ത് നിലപാട് സ്വീകരിക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്.

അലനെയും താഹയെയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന പൊലീസിന്റെ ആവശ്യം അംഗീകരിച്ച കോടതി ഇരുവര്‍ക്കെതിരെ ചുമത്തപ്പെട്ട കുറ്റം ഗൌരവമുള്ളതാണെന്നും പ്രഥമദൃഷ്ട്യാ അതിന് തെളിവുണ്ടെന്നും വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു. സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകരായ ഇരുവര്‍ക്കെതിരെ മാവോയിസ്റ്റ് ബന്ധത്തിന് തെളിവുണ്ടെന്ന് കോടതി പറഞ്ഞതോടെ നേതൃത്വമാണ് ആകെ വെട്ടിലായിരിക്കുന്നത്.യു.എ.പി.എ പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയെങ്കിലും തെളിവുകള്‍ പുറത്ത് വരുന്ന പശ്ചാത്തലത്തില്‍ ഇനി അതിനുള്ള സാധ്യത വിരളമാണ്.യു.എ.പി.എ ചുമത്തിയതിനോട് പാര്‍ട്ടി നേതൃത്വത്തിന് യോജിപ്പില്ലെങ്കിലും കോടതി തന്നെ പറയുമ്പോള്‍ അതിനെ പരസ്യമായ തള്ളിക്കളയാനും കഴിയാത്ത അവസ്ഥയിലാണ് പാര്‍ട്ടി. ഹൈക്കോടതിയില്‍ നിന്ന് ഇരുവര്‍ക്കും ജാമ്യം ലഭിച്ചാല്‍ ഒരു പിടിവള്ളി കിട്ടുമെന്നാണ് നേതാക്കളുടെ അഭിപ്രായം.അല്ലെങ്കില്‍ ഇരുവര്‍ക്കുമെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ പോകും.

യു.എ.പി.എ പെട്ടെന്ന് പിന്‍വലിക്കാനും കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത് .ഇരുവരുടെയും അറസ്റ്റിനെ തുടര്‍ന്ന് സി.പി.എമ്മിനെതിരെ ബി.ജെ.പി ഇതിനോടകം പ്രചരണം ആരംഭിച്ച് കഴിഞ്ഞു. ഇനി യു.എ.പി.എ കൂടി പിന്‍വലിച്ചാല്‍ കേന്ദ്രസര്‍ക്കാരിന് മുന്നിലും മറുപടി പറയേണ്ടി വരും.എന്തായാലും അലനും താഹക്കുമെതിരെ തെളിവുകള്‍ ഉണ്ടെങ്കില്‍ തുടര്‍നടപടികളുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.