LiveTV

Live

Kerala

നിലമ്പൂര്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ കൊലയുടെ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തി

നിലമ്പൂരില്‍ മാവോവാദി നേതാക്കളായ കുപ്പുദേവരാജും അജിതയും കൊല്ലപ്പെട്ടത് 2016 നവംബര്‍ 25നാണ്

 നിലമ്പൂര്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ കൊലയുടെ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തി

മാവോയിസ്റ്റ് ഏറ്റുമുട്ടലിനെക്കുറിച്ച മജസ്റ്റീരിയല്‍ അന്വേഷണം പ്രഹസനമാക്കി സംസ്ഥാന സര്‍ക്കാര്‍. നിലമ്പൂര്‍ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ കൊലയുടെ അന്വേഷണ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് പൂഴ്ത്തി. മനുഷ്യാവകാശ കമ്മിഷന്റെ ആവര്‍ത്തിച്ചുള്ള നോട്ടീസും അവഗണിക്കപ്പെട്ടു.

നിലമ്പൂരില്‍ മാവോവാദി നേതാക്കളായ കുപ്പുദേവരാജും അജിതയും കൊല്ലപ്പെട്ടത് 2016 നവംബര്‍ 25ന്. ഇതെക്കുറിച്ച് മജസ്റ്റീരിയല്‍ അന്വേഷണം നടത്തിയത് അന്നത്തെ പെരിന്തൽമണ്ണ സബ് കളക്ടറായിരുന്ന അമിത് മീണ. മീണയുടെ റിപ്പോര്‍ട്ട് പക്ഷെ, ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. വിവരാവകാശനിയമ പ്രകാരം അപേക്ഷ നല്‍കിയപ്പോള്‍ സുരക്ഷാപ്രശ്നമുള്ളതിനാല്‍ നല്‍കാനാവില്ലെന്ന് ആഭ്യന്തരവകുപ്പിന്റെ മറുപടി. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ സുപ്രീം കോടതി മാര്‍ഗനിര്‍ദേശപ്രകാരമാണ് മജസ്റ്റീരിയല്‍ അന്വേഷണം. റിപ്പോര്‍ട്ട് കോടതിക്കും കേന്ദ്ര-സംസ്ഥാന മനുഷ്യാവകാശ കമ്മിഷനുകള്‍ക്കും കൈമാറണമെന്നാണ് ചട്ടം. നിലമ്പൂര്‍ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തിനിടെ മൂന്ന് തവണ മലപ്പുറം എസ്.പിക്ക് നോട്ടീസ് നല്‍കിയെങ്കിലും ഫലമുണ്ടായില്ല. അട്ടപ്പാടിയില്‍ മജസ്റ്റീരിയല്‍ അന്വേഷണം ആവശ്യപ്പെടുന്ന സി.പി.ഐക്ക് നിലമ്പൂര്‍ റിപ്പോര്‍ട്ട് വെളിച്ചം കാണാത്തതില്‍ അതൃപ്തിയുണ്ട്.

പുറത്തുവരുമോയെന്ന് ഉറപ്പില്ലാത്ത, മനുഷ്യാവകാശ കമ്മീഷന് പോലും കാണാന്‍ കിട്ടാത്തതാണ് ഏറ്റുമുട്ടല്‍ കൊലകളിലെ മജസ്റ്റീരിയല്‍ റിപ്പോര്‍ട്ട്. അങ്ങനെയുള്ള റിപ്പോര്‍ട്ടിന് വേണ്ടിയാണ് സി.പി.ഐയുടെ ഈ മുറവിളി. അന്വേഷണമാണോ അതിനുവേണ്ടിയുള്ള മുറവിളിയാണോ പ്രഹസനമെന്നാണ് ഉയരുന്ന ചോദ്യം.