LiveTV

Live

Kerala

പരീക്ഷാ തട്ടിപ്പ് കേസില്‍ പെട്ട റാങ്ക്‌ ലിസ്റ്റ് റദ്ദാക്കില്ലെന്ന് പി.എസ്‌.സി; മൂന്ന് പ്രതികളൊഴികെയുള്ളവര്‍ക്ക് നിയമനം നല്‍കാമെന്ന് ക്രൈംബ്രാഞ്ച്  

എസ്.എഫ്.ഐ നേതാക്കളായ പ്രതികള്‍ മാത്രമാണ് പരീക്ഷയില്‍ കോപ്പി അടിച്ചതെന്ന് ക്രൈം ബ്രാഞ്ച് പി.എസ്‍.സിയെ അറിയിച്ചിരുന്നു

പരീക്ഷാ തട്ടിപ്പ് കേസില്‍ പെട്ട റാങ്ക്‌ ലിസ്റ്റ് റദ്ദാക്കില്ലെന്ന് പി.എസ്‌.സി; മൂന്ന് പ്രതികളൊഴികെയുള്ളവര്‍ക്ക് നിയമനം നല്‍കാമെന്ന് ക്രൈംബ്രാഞ്ച്  

പരീക്ഷാതട്ടിപ്പ് നടന്ന കെഎപി ബറ്റാലിയന്‍ റാങ്ക് ലിസ്റ്റ് നിലനില്‍ക്കുമെന്ന് പി.എസ്‍.സി . മൂന്നു പേർ ചെയ്ത തെറ്റിന് മറ്റുള്ള ഉദ്യോഗാർത്ഥികൾ ഉത്തരവാദികൾ അല്ലെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ എം.കെ സക്കീര്‍ പറഞ്ഞു. എസ്.എഫ്.ഐ നേതാക്കളായ പ്രതികള്‍ മാത്രമാണ് പരീക്ഷയില്‍ കോപ്പി അടിച്ചതെന്ന് ക്രൈം ബ്രാഞ്ച് പി.എസ്‍.സിയെ അറിയിച്ചിരുന്നു.

പി.എസ്‍.സി തട്ടിപ്പ് കേസിലെ പ്രതികളായ മൂന്ന് പേര്‍ക്ക് ഒഴികെ മറ്റുള്ളവര്‍ക്ക് നിയമനം നല്‍കാമെന്ന് ക്രൈംബ്രാഞ്ചിന്റെ ശിപാര്‍ശ. പി. എസ്.സി സെക്രട്ടറിക്കാണ് എ‍.ഡി.ജി.പി ടോമിന്‍ ജെ. തച്ചങ്കരി ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റാങ്ക് ലിസ്റ്റുമായി മുന്നോട്ടുപോകുമെന്ന് പി.എസ്.സി ചെയര്‍മാനും അറിയിച്ചു. പ്രതികള്‍ക്ക് രാഷ്ട്രീയമായ ഒരു സഹായവും ലഭിക്കില്ലെന്ന് മുഖ്യമന്ത്രിയും സഭയെ അറിയിച്ചു.

പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ ലിസ്റ്റില്‍ തട്ടിപ്പ് നടത്തി കടന്നുകൂടിയത് യൂണിവേഴ്‍സിറ്റി കോളേജിലെ ശിവരഞ്ജിത്, നസീം, പ്രണവ് എന്നിവര്‍ മാത്രമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ചോദ്യപേപ്പര്‍ ചോര്‍ന്നതായി എവിടെയും കണ്ടെത്താനായില്ല. അതുകൊണ്ടു തന്നെ മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ തട്ടിപ്പ് നടത്തിയിട്ടുമില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഇന്നലെ ക്രൈംബ്രാഞ്ച് മേധാവി എ‍.ഡി.ജി.പി ടോമിന്‍ ജെ തച്ചങ്കരി, പി.എസ്. സി സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറിയത്. ഈ മൂന്ന് പേര്‍ ഒഴികെ, മറ്റുള്ളവര്‍ക്ക് നിയമനം നല്‍കുന്നതില്‍ നിയമപരമായി തടസ്സങ്ങളില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. അഡ്വൈസ് മെമ്മോ കൈമാറുമ്പോള്‍ കൃത്യമായ പോലീസ് വെരിഫിക്കേഷന്‍ നടത്തണമെന്നും ടോമിന്‍ ജെ തച്ചങ്കരി ശിപാര്‍ശ ചെയ്തിട്ടുണ്ട്. നിലവില്‍ ആംഡ് ബെറ്റാലിയന്റെ അംഗബലത്തില്‍ വലിയ കുറവുണ്ട്. ഇതിന് പരിഹാരം വേഗത്തില്‍ തന്നെ കാണുക എന്ന ലക്ഷ്യംകൂടി മുന്‍നിര്‍ത്തിയാണ് ആംഡ് ബറ്റാലിയന്റെ മേധാവി കൂടിയാണ് ടോമിന്‍ തച്ചങ്കരി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിനോട് അനുകൂലമായാണ് പി.എസ്.സിയും പ്രതികരിച്ചത്. മൂന്ന് പേര്‍ ചെയ്ത തെറ്റിന് മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ ശിക്ഷ അനുഭവിക്കേണ്ട കാര്യമില്ലെന്ന് പി.എസ്.സി ചെയര്‍മാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ ലിസ്റ്റ് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രതികരിച്ചു.

കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്നും കുറ്റവാളികള്‍ കുറ്റവാളികള്‍ തന്നെയാണെന്നും മുഖ്യമന്ത്രിയും നിയമസഭയെ അറിയിച്ചു. കേസില്‍ കഴിഞ്ഞ ദിവസം കീഴടങ്ങിയ ആറാം പ്രതി പ്രവീണിനായി തിങ്കളാഴ്ച സി.ജെ.എം കോടതിയില്‍ പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും.