LiveTV

Live

Kerala

ഐ.പി.എസ് ഓഫീസര്‍ ചമഞ്ഞ് കോടികള്‍ തട്ടിയ യുവാവ് പിടിയില്‍

കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി വ്യാജരേഖകള്‍ ചമച്ച് വ്യക്തികളെയും ബാങ്കുകളെയും കബളിപ്പിക്കുകയായിരുന്നു വിപിന്‍ കാര്‍ത്തിക്.

ഐ.പി.എസ് ഓഫീസര്‍ ചമഞ്ഞ് കോടികള്‍ തട്ടിയ യുവാവ് പിടിയില്‍

ഐ.പി.എസ് ഓഫീസര്‍ ചമഞ്ഞ് ബാങ്കില്‍ നിന്ന് പണം തട്ടിയ തലശ്ശേരി സ്വദേശി വിപിന്‍ കാര്‍ത്തിക് പൊലീസ് പിടിയില്‍. പാലക്കാട് ചിറ്റൂരില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വ്യാജരേഖ ഉണ്ടാക്കി പണം തട്ടിയ കേസില്‍ വിപിന്‍ ഒളിവിലായിരുന്നു.

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ഗുരുവായൂര്‍ ശാഖാ മാനേജരുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്തിയപ്പോഴാണ് തട്ടിപ്പ് വിവരം പുറത്തുവന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി വ്യാജരേഖകള്‍ ചമച്ച് വ്യക്തികളെയും ബാങ്കുകളെയും കബളിപ്പിക്കുകയായിരുന്നു വിപിന്‍ കാര്‍ത്തിക്. വിവിധ ബാങ്കുകളില്‍ നിന്നായി രണ്ട് കോടിയോളം രൂപ വായ്പ എടുത്തിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഈ പണം ഉപയോഗിച്ച് ആഡംബര കാറുകള്‍ വാങ്ങുകയും മറിച്ച് വില്‍ക്കുകയുമായിരുന്നു പതിവ്. തട്ടിപ്പിനാവശ്യമായ സീലുകളും രേഖകളും വ്യാജമായി നിര്‍മ്മിക്കുന്നതും വിപിന്‍ തന്നെയാണെന്ന് പൊലീസ് പറയുന്നു. ജമ്മു കശ്മീരിലെ കുപ് വാര ജില്ലയിലെ ഐ.പി.എസ് ഓഫീസറാണെന്ന് പറ‍ഞ്ഞായിരുന്നു തട്ടിപ്പ്.

മോഷണം, തട്ടിപ്പ് കേസുകളിലായി വിപിന്‍ നേരത്തെ മൂന്ന് തവണ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. തലശ്ശേരി സ്വദേശിയായ വിപിന്‍ ഗുരുവായൂരില്‍ ഫ്ലാറ്റിലാണ് താമസം. പാലക്കാട് ചിറ്റൂര്‍ പൊലീസ് പിടികൂടിയ പ്രതിയെ ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസിന് കൈമാറുകയായിരുന്നു. നിലവില്‍ ഇയാള്‍ക്കെതിരെ 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറാണെന്ന് പറഞ്ഞായിരുന്നു വിപിന്റെ അമ്മ ശ്യാമള തട്ടിപ്പ് നടത്തിയിരുന്നത്. വായ്പ തട്ടിപ്പുകേസില്‍ ശ്യാമളയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.