LiveTV

Live

Kerala

ദുരന്തനിവാരണ അതോറിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ ക്വാറിയില്‍ ഖനനം തുടരുന്നു

കോഴിക്കോട് പൈക്കാടന്‍ മലയിലാണ് വന്‍കിട ക്വാറി പ്രവര്‍ത്തിക്കുന്നത്

 ദുരന്തനിവാരണ അതോറിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ ക്വാറിയില്‍ ഖനനം തുടരുന്നു

ദുരന്തനിവാരണ അതോറിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഉത്തരവിട്ട ക്വാറി ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. കോഴിക്കോട് പൈക്കാടന്‍ മലയിലാണ് വന്‍കിട ക്വാറി പ്രവര്‍ത്തിക്കുന്നത്. റബ്ബര്‍ കൃഷി വെച്ചുപിടിപ്പിക്കണമെന്ന് ‌നിര്‍ദ്ദേശിച്ച സ്ഥലത്ത് വലിയ സ്ഫോടനത്തോടെ ഖനനം നടത്തുന്നതിന്റെ ദ്യശ്യങ്ങള്‍ മീഡിയവണിന് ലഭിച്ചു. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ സ്ഥലത്ത് വീണ്ടും അതിനുള്ള സാധ്യത ചൂണ്ടിക്കാട്ടിയാണ് ക്വാറി അടച്ച് പൂട്ടാന്‍ ദുരന്ത നിവാരണ അതോറിറ്റി കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

ക്വാറിക്ക് സമീപം കഴിഞ്ഞ പ്രളയ സമയത്ത് ആദ്യം മണ്ണിടിച്ചിലും പിന്നീട് ഉരുള്‍പൊട്ടലും ഉണ്ടായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ വിശദമായ പഠനം നടത്തിയത്.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് വേണ്ടി പഠനം നടത്തിയ ജിയോളിജിസ്റ്റ് ആര്‍. റെനിയും സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ യു.കെ ബീത്തയും ക്വാറി അടച്ച് പൂട്ടണമെന്ന റിപ്പോര്‍ട്ട് റവന്യൂവകുപ്പിന് നല്‍കി.

സ്ഥലത്ത് റബ്ബര്‍ ക്യഷിയും ഭൂപ്രക്യതിക്ക് അനുയോജ്യമായ മറ്റ് വൃക്ഷങ്ങളും വെച്ചുപിടിപ്പിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ച് റവന്യൂ വകുപ്പ് റിപ്പോര്‍ട്ട് കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് ഒന്നര മാസം മുമ്പ് കൈമാറി. ഒരു നടപടിയും ഇതുവരെ ഉണ്ടായില്ല എന്നതിന് തെളിവാണ് ഈ ദ്യശ്യങ്ങള്‍.

ഖനനം നടക്കുന്ന സ്ഥലത്തെ വലിയ പാറയുടെ സമീപത്ത് വിള്ളലുകള്‍ രൂപപ്പെട്ട കാര്യവും റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നുണ്ട്. ക്വാറിക്ക് സമീപത്തുള്ള വീടുകളിലേക്ക് പതിക്കാവുന്ന തരത്തില്‍ കൂറ്റന്‍ കല്ലുകളും മണ്ണുകളും ഒലിച്ചിറങ്ങിയിട്ടുണ്ടന്ന് റിപ്പോര്‍ട്ടില്‍ ക്യത്യമായി പറഞ്ഞിട്ടുമുണ്ട്.