LiveTV

Live

Kerala

രാഷ്ട്രീയ വിസമ്മതങ്ങളെ ഭീകരത ചാർത്തി നിശബ്ദമാക്കരുത് : സാമൂഹിക, രാഷ്ട്രീയ പ്രവർത്തകർ

പൊലീസ് അമിതാധികാരം പ്രയോഗിക്കുന്നുവെന്നും അമിതാധികാര പ്രയോഗങ്ങൾക്ക് വഴങ്ങി കൊടുക്കുന്ന കേവല സുരക്ഷാ ഭരണകൂടമായി ഇടതു സർക്കാർ മാറിയിരിക്കുകയാണെന്നും പ്രസ്താവനയില്‍ ആരോപിക്കുന്നു.

രാഷ്ട്രീയ വിസമ്മതങ്ങളെ ഭീകരത ചാർത്തി നിശബ്ദമാക്കരുത് : സാമൂഹിക, രാഷ്ട്രീയ പ്രവർത്തകർ

കോഴിക്കോട്: രാഷ്ടീയ വിസമ്മതങ്ങളെയും എതിർ സ്വരങ്ങളെയും ഭീകരമുദ്ര കുത്തി ജനാധിപത്യ ഇടങ്ങളെ നിർവീര്യമാക്കാനുള്ള കേരള സർക്കാരിന്റെ ശ്രമങ്ങൾ അപലപനീയമാണെന്ന് സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകര്‍. ദേശസുരക്ഷ ഉയർത്തി വിമർശനങ്ങളെ അമർച്ച ചെയ്യുകയും പൗരജീവിതത്തെ നിരന്തരമായി നിരീക്ഷണത്തിൽ വെച്ച് നിയന്ത്രിക്കുകയും ചെയ്യുന്ന ഭയാനകമായ സാഹചര്യം കേരളത്തിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്നും ഇത് പൗരാവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്നും അവര്‍ സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ഹിന്ദുത്വ ദേശീയവാദികളുടെ ചുവടുപിടിച്ച് കേരളത്തെയും നിയമബാഹ്യ കൂട്ടക്കൊലകളുടെയും ജനാധിപത്യ ധ്വംസനങ്ങളുടെയും ഇടമാക്കി മാറ്റുന്നതിനെതിരെ രാഷ്ട്രീയ ജാഗ്രത ഉയർന്നുവരണം. 42 യുഎപിഎ കേസുകൾ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചു അതിൽ നിന്ന് പിന്മാറിയ സർക്കാർ പൗരസമൂഹത്തെ വഞ്ചിച്ചു. യുഎപിഎ കേസുകളും വ്യാജ ഏറ്റുമുട്ടലുകളും കേരളത്തിൽ നിരന്തരം ആവർത്തിക്കപ്പെടുകയുമാണ്.

ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അലൻ, താഹ, ശ്രീകാന്ത്, നഹാസ് തുടങ്ങിയവരുടെ മേൽ ചുമത്തപ്പെട്ട യുഎപിഎയും, വാളയാർ കേസിലെ പോലീസിന്റെയും ഭരണകൂട സംവിധാനങ്ങളുടെയും കൈകടത്തലുകളും. മുസ്‌ലിം വിരുദ്ധ വേട്ടകളും ഏറ്റുമുട്ടൽ കൊലപാതകങ്ങളും കസ്റ്റഡി കൊലപാതകങ്ങളും കേരളത്തിൽ തുടർകഥയാവുകയാണ്. ഇന്ത്യയിൽ തന്നെ ചുരുങ്ങിയ കാലത്തിനിടയിൽ കൂടുതൽ യുഎപിഎ കേസുകൾ ചുമത്തിയ സംസ്ഥാനം കേരളമാണ്. ഇതുവരെ 165 ലേറെ യുഎപിഎ കേസുകളാണ് കേരളത്തിൽ പോലീസ് എടുത്തിരിക്കുന്നത്. ഒരേ സമയം ഇത്തരം ഭീകര നിയമങ്ങൾക്കെതിരെയാണ് തങ്ങളുടെ നിലപാട് എന്നു പറയുകയും എന്നാൽ സകല വിയോജിപ്പുകൾക്കെതിരെയും ഇത്തരത്തിലുള്ള നിയമങ്ങൾ ആയുധമാക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് ഇടതുപക്ഷ സർക്കാർ വെച്ചു പുലർത്തുന്നത്.

പോലീസ്/ ഉദ്യോഗസ്ഥ വൃന്ദങ്ങൾ നിരന്തരമായി തങ്ങളുടെ അധികാരം ദുരുപയോഗം ചെയ്യുകയും, ഇത്തരം അമിതാധികാര പ്രയോഗങ്ങൾക്ക് വഴങ്ങി കൊടുക്കുന്ന കേവല സുരക്ഷാ ഭരണകൂടമായി ഇടതു സർക്കാർ മാറിയിരിക്കുകയാണെന്നും പ്രസ്താവനയില്‍ ആരോപിക്കുന്നു.

ഒ അബ്ദുറഹ്മാൻ, ഗ്രോ വാസു, സി.കെ അബ്ദുൽ അസീസ്, ഡോ. ആസാദ്, ഗോപാൽ മേനോൻ, കെ.കെ രമ, ഡോ. ടി.ടി ശ്രീകുമാർ, കെ.സി ഉമേഷ് ബാബു, കെ. മുരളി, ജെനി റൊവേന, കെ.കെ ബാബുരാജ്, അഡ്വ. പി.എ പൗരൻ, പി.എ കുട്ടപ്പൻ, എ.എസ് അജിത് കുമാർ, അഷ്‌റഫ് മൗലവി മൂവാറ്റുപുഴ, ഡോ. സുദീപ് കെ.എസ്. ടി.പി അഷ്‌റഫലി, അബ്ദുൽ ഹമീദ് വാണിയമ്പലം, അനൂപ് വി.ആർ, നഹാസ് മാള, ഡോ. നാരായണൻ എം ശങ്കരൻ, ടി ശാക്കിർ, ബാബുരാജ് ഭഗവതി തുടങ്ങിയവർ പ്രസ്താവനയിൽ ഒപ്പുവെച്ചു.

രാഷ്ട്രീയ വിസമ്മതങ്ങളെ ഭീകരത ചാർത്തി നിശബ്ദമാക്കരുത് : സാമൂഹിക, രാഷ്ട്രീയ പ്രവർത്തകർ