LiveTV

Live

Kerala

വായ്പ കുടിശിക അടച്ചു തീർക്കാൻ തയ്യാറായിട്ടും ഏറ്റെടുത്ത ഭൂമി വിട്ടു നല്‍കുന്നില്ല; നടയ്ക്കല്‍ സഹകരണ ബാങ്കിനെതിരെ സമരം

എന്നാൽ നിയമപരമായ എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് വസ്തു ഏറ്റെടുത്തതെന്നാണ് ബാങ്കിന്റെ വിശദീകരണം

വായ്പ കുടിശിക അടച്ചു തീർക്കാൻ തയ്യാറായിട്ടും ഏറ്റെടുത്ത ഭൂമി വിട്ടു നല്‍കുന്നില്ല; നടയ്ക്കല്‍ സഹകരണ ബാങ്കിനെതിരെ സമരം

വായ്പ കുടിശിക അടച്ചു തീർക്കാൻ തയ്യാറായിട്ടും സഹകരണ ബാങ്ക് ഏറ്റെടുത്ത ഭൂമി വിട്ടു നല്‍കുന്നില്ലെന്ന് പരാതി. സി.പി.എം നേതൃത്വത്തിലുള്ള കൊല്ലം നടയ്ക്കല്‍ സ‌ർവീസ് സഹകരണ ബാങ്കിനെതിരെയാണ് ആരോപണം. എന്നാൽ നിയമപരമായ എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് വസ്തു ഏറ്റെടുത്തതെന്നാണ് ബാങ്കിന്റെ വിശദീകരണം.

പാരിപ്പള്ളി നടയ്ക്കൽ സ്വദേശിയായ രാധാകൃഷ്ണക്കുറുപ്പ് ഇരുപതു ലക്ഷം രൂപ ഇരുപതുവർഷം മുമ്പ് വായ്പ എടുത്തിരുന്നു. സഹകരണ ബാങ്കിനോട് ചേര്‍ന്ന് ദേശീയപാതയോരത്തുള്ള 25 സെന്റ് സ്ഥലം ഈട് നല്‍കിയായിരുന്നു വായ്പയെടുത്തത്‌. വ്യവസായിക ആവശ്യത്തിന് എടുത്ത വായ്പ്പ മുടങ്ങിയതോടെ സഹകരണ ബാങ്ക് ജപ്തി നടപടികള്‍ ആരംഭിച്ചു. ഇതോടെ രാധാകൃഷ്ണകുറുപ്പും കുടുംബവും കോടതിയെ സമീപിച്ചു. നിയമ പോരാട്ടത്തിനൊടുവിൽ 88 ലക്ഷം രൂപ നല്‍കിയാല്‍ ഭൂമി വിട്ടു നല്‍കണമെന്ന് 2015 ല്‍ കോടതി ഉത്തരവിട്ടു. 58 ലക്ഷം രൂപ അടച്ചു.

ബാക്കി തുക അടച്ച് തീർക്കാൻ സമയം ആവശ്യപ്പെട്ടിങ്കിലും ബാങ്ക് അനുകൂല നിലപാട് സ്വീകരിച്ചില്ല. ഇതിനെതിരെ കുടുംബം കോടതിയില്‍ നല്‍കിയ കേസ് തന്ത്രപരമായി പിന്‍വലിപ്പിച്ച ശേഷം കോടികള്‍ വിലവരുന്ന ഭൂമി ബാങ്ക് കൈവശപ്പെടുത്തിയെന്നാണ് പരാതി. വായ്പ തിരിച്ചടയ്ക്കാന്‍ പല അവസരം നല്‍കിയെന്നാണ് ബാങ്കിന്റെ വിശദീകരണം.

വസ്തു വിട്ട് കിട്ടുന്നതിന് വേണ്ടി കുടുംബം ബാങ്കില്‍ കെട്ടിവച്ച തുക തിരിച്ചു നല്‍കാൻ തയ്യാറാണെന്നും സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി വ്യക്തമാക്കി. എന്നാൽ വസ്തു വിട്ട് കിട്ടുന്നത് വരെ സമരം തുടരാനാണ് കുടുംബത്തിന്റെ തീരുമാനം.