LiveTV

Live

Kerala

കൊച്ചി മേയര്‍ വിവാദം; യു.ഡി.എഫിനുള്ള പിന്തുണ പിന്‍വലിച്ച് സ്വതന്ത്ര കൗൺസിലർ

എൽ.ഡി.എഫിന് 34 അംഗങ്ങൾ, ബി.ജെ.പി 2 എന്നതാണ് കോര്‍പ്പറേഷനിലെ മറ്റ് കക്ഷിനില

കൊച്ചി മേയര്‍ വിവാദം; യു.ഡി.എഫിനുള്ള പിന്തുണ പിന്‍വലിച്ച് സ്വതന്ത്ര കൗൺസിലർ

കൊച്ചി കോർപ്പറേഷനിലെ സ്വതന്ത്ര കൗൺസിലർ ഗീതാ പ്രഭാകർ യു.ഡി.എഫിനുളള പിന്തുണ പിൻവലിച്ചു. സൗമിനി ജയ്നിനെ മേയർ സ്ഥാനത്തുനിന്ന് മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് തീരുമാനം. ഇതോടെ ഭരണ പക്ഷത്തിന്റെ അംഗബലം 36 ആയി. ഭരണം നിലനിർത്താൻ 37 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്.

സൗമിനി ജെയിനിനെ കൊച്ചി മേയർ സ്ഥാനത്ത് നിന്ന് മാറ്റാൻ കോൺഗ്രസിലെ എ - ഐ ഗ്രൂപ്പുകൾക്കിടയിൽ ശക്തമായ നീക്കം നടത്തുന്നതിനിടെയാണ് യു,.ഡി.എഫിനെ സമ്മർദത്തിലാക്കി പിന്തുണ പിൻവലിക്കുന്നുവെന്നറിയിച്ച് സ്വതന്ത്ര കൗൺസിലർ രംഗത്ത് വന്നത്. ഔദ്യോഗികമായി യു.ഡി.എഫ് നേതൃത്വത്തിന് കത്ത് നൽകിയിട്ടില്ല.

തിരുവനന്തപുരത്ത് നടന്ന ചർച്ചക്കൊടുവിൽ മേയറെ മാറ്റണമോ വേണ്ടയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം കെ.പി.സി.സി അധ്യക്ഷൻ തീരുമാനിക്കാനിരിക്കെയായാണ് നാടകീയ രംഗങ്ങൾ.

നിലവിൽ 74 അംഗങ്ങളുള്ള കൊച്ചി കോർപറേഷനിൽ 38 അംഗങ്ങളായിരുന്നു യു.ഡി.എഫിന് ഉണ്ടായിരുന്നത്. ഡെപ്യുട്ടി മേയർ ടി. ജെ വിനോദ് എം.എൽ.എ ആയതോടെ അംഗബലം 37 ആയി. ഇതിനിടെയാണ് ഒരംഗം പിന്തുണ പിൻവലിക്കുന്നത്.

ഇതോടെ യു.ഡി.എഫ് 36 ആയി ചുരുങ്ങി. എൽ.ഡി.എഫിന് 34 അംഗങ്ങൾ, ബി.ജെ.പി 2 എന്നതാണ് മറ്റ് കക്ഷിനില. മേയറെ മാറ്റുന്നതിൽ പരസ്യ പ്രതിഷേധവുമായി മറ്റൊരു വനിതാ കൗൺസിലർ നേരത്തെ രംഗത്തെത്തിയിരുന്നു. നിലവിലെ സാഹചര്യത്തിൽ യുഡിഎഫിന് ഭരണം പ്രതിസന്ധിയിലാകാനുള്ള സാധ്യത ഏറെയാണ്.