LiveTV

Live

Kerala

കെ.എസ്.ഇ.ബി ഭൂമി കൈയ്യേറിയത് തിരിച്ചുപിടിക്കാന്‍ നടപടിയായില്ല; കണ്ണടച്ച് അധികൃതർ  

കെ.എസ്.ഇ.ബി ഭൂമി കൈയ്യേറിയത് തിരിച്ചുപിടിക്കാന്‍ നടപടിയായില്ല; കണ്ണടച്ച് അധികൃതർ  

മൂന്നാർ കെ.ഡി.എച്ച് വില്ലേജിലെ കെ.എസ്.ഇ.ബി ഭൂമിയില്‍ കൈയ്യേറ്റം വ്യാപകമെന്ന് വിജിലന്‍സ് റിപ്പോർട്ട്. കൈയ്യേറ്റങ്ങള്‍ക്കൊപ്പം ഡപ്യൂട്ടി തഹസില്‍ദാർമാർ ഇവിടങ്ങളില്‍ പതിനേഴ് പട്ടയങ്ങള്‍ പതിച്ചു നല്‍കിയതായും വിജിലന്‍സ് കണ്ടെത്തി. 2017ല്‍ വിജിലന്‍സ് നല്‍കിയ റിപ്പോർട്ടില്‍ ഇതുവരെയും നടപടിയുണ്ടായിട്ടില്ല.

മൂന്നാറിലെ കെ.ഡി.എച്ച് വില്ലേജിലെ 843എ, 843ബി, 922 സർവേ നമ്പരുകളില്‍ ഉള്ള സ്ഥലങ്ങള്‍ ഉള്‍പ്പെട്ട പ്രദേശങ്ങളലിലാണ് വ്യാപക കൈയ്യേറ്റം. ഈ സർവേനമ്പരില്‍ ഉള്‍പ്പെട്ട പ്രദേശങ്ങള്‍ കെ.എസ്.ഇ.ബിയുടേതെന്നാണ് റവന്യൂ രേഖകളിലുള്ളത്. വിജിലന്‍സ് ആന്‍ഡ് ആന്‍ഡി കറപ്ഷന്‍ ബ്യൂറോ ഇടുക്കി യൂണിറ്റ് നടത്തിയ അന്വേഷണ റിപ്പോർട്ട് കെ.എസ്.ഇ.ബി ഭൂമി കാലങ്ങളായി കൈയ്യേറിയിട്ടുള്ളത് വ്യക്തമാക്കുന്നത്. കൈയ്യേറിയതിന് പുറമെ ഈ ഭൂമിയില്‍ പതിനേഴുപേർക്ക് പട്ടയം അനുവദിച്ചിട്ടുമുണ്ട്. ഇവിടെ അനധികൃതമായി നിർമിച്ച കെട്ടിടങ്ങള്‍ക്ക് പഞ്ചായത്ത് നമ്പരും നല്‍കിയതായി വിജിലന്‍സ് റിപ്പോർട്ട് വ്യക്തമാക്കുന്നു. കെ.ഡി.എച്ച് വില്ലേജില്‍ പട്ടയം നല്‍കുന്നതിന് സർക്കാരിനും ജില്ലാ കലക്ടർക്കും മാത്രവുമാണ് അധികാരമുള്ളത്. ഇതു മറികടന്ന് ഡപ്യൂട്ടി തഹസില്‍ദാരാണ് ഇവിടെ പതിനേഴ് പേർക്ക് പട്ടയം അനുവദിച്ചത്. ദേവികുളം എം.എല്‍.എ എസ് രജേന്ദ്രന്റെ വിവാദ ഭൂമിയും ഈ പ്രദേശത്താണെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. വൈദ്യുതി വകുപ്പ് മന്ത്രി ജില്ലയില്‍ നിന്ന് ഉണ്ടായിട്ടുപോലും കൈയ്യേറിയ കെ.എസ്.ഇ.ബി ഭൂമി തിരിച്ചുപിടിക്കാന്‍ ചെറുവിരലനക്കുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.