LiveTV

Live

Kerala

അമ്പലപ്പുഴ പാല്‍പായസത്തിന്റെ പേര് മാറ്റുന്നതില്‍ ഉടക്ക്

ചരിത്ര രേഖകളിൽ അമ്പലപുഴ പാൽപായസത്തിന് ഗോപാല കഷായം എന്നുകൂടി പേരുണ്ടെന്ന് ദേവസ്വം ബോർഡ് പറയുന്നു

അമ്പലപ്പുഴ പാല്‍പായസത്തിന്റെ പേര് മാറ്റുന്നതില്‍ ഉടക്ക്

അമ്പലപ്പുഴ പാൽ പായസത്തിന്‍റെ പേര് മാറ്റത്തെ ചൊല്ലി തർക്കം. പാൽപായസത്തിന് ‘ഗോപാല കഷായം’ എന്ന പേര് കൂടി നൽകാനുള്ള ദേവസ്വം ബോർഡ് തീരുമാനത്തിനെതിരെ ക്ഷേത്ര ഉപദേശകസമിതി രംഗത്തെത്തി. എന്നാൽ അമ്പലപ്പുഴ പാൽപ്പായസം എന്ന പേര് ഉപേക്ഷിക്കില്ലെന്നാണ് ദേവസ്വം ബോ‍ർഡ് പറയുന്നത്.

തിരുവല്ലയിലെ ഒരു ബേക്കറിയിൽ അമ്പലപുഴ പാൽപായസമെന്ന പേരിൽ പായസം വിറ്റതിനെ തുടർന്നാണ് അമ്പലപുഴ പാൽപായസത്തിന് പേറ്റന്റ് എടുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചത്. ചരിത്ര രേഖകളിൽ അമ്പലപുഴ പാൽപായസത്തിന് ഗോപാല കഷായം എന്നുകൂടി പേരുണ്ടെന്ന് ദേവസ്വം ബോർഡ് പറയുന്നു. അതിനാൽ ആ പേരിലും കൂടി പേറ്റൻറ് നേടാനാണ് ബോർഡ് തീരുമാനം.

എന്നാല്‍, അമ്പലപുഴ പാൽപായസം എന്ന പേരിനൊപ്പം ഗോപാല കഷായം എന്ന പേരു കൂടി ചേർത്താൽ എതിർക്കുമെന്ന് ക്ഷേത്ര ഉപദേശക സമിതി അറിയിച്ചു.

ലിറ്ററിന് 160 രൂപ എന്ന നിരക്കിലാണ് പായസം അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്ന് നൽകുന്നത്. പാൽ പായസത്തിന് പുറമെ തിരുവാർപ്പ് ഉഷ പായസം, ശബരിമല അരവണ, ശബരിമല അപ്പം, കൊട്ടാരക്കര ഉണ്ണിയപ്പം എന്നിവയ്ക്കും ദേവസ്വം ബോർഡ് പേറ്റന്റ് എടുക്കാൻ തീരുമാനിച്ചിട്ടുണ്ട്.