LiveTV

Live

Kerala

ചെയ്യാത്ത പണിക്കും പണം; യു.ഡി.എഫ് കാലത്തെ പൊതുമരാമത്തില്‍ വ്യാപക ക്രമക്കേട്

6 പേരെ ഇതിനകം സസ്പെൻറ് ചെയ്തു. കരാറുകാരൻ സുബിൻ ജോർജിൻറെ ലൈസൻസ് റദ്ദാക്കും.

ചെയ്യാത്ത പണിക്കും പണം; യു.ഡി.എഫ് കാലത്തെ പൊതുമരാമത്തില്‍ വ്യാപക ക്രമക്കേട്

യു.ഡി.എഫ് സർക്കാരിന്‍റെ കാലത്തെ പൊതുമരാമത്ത് പ്രവൃത്തികളിൽ വ്യാപക ക്രമക്കേട്. എറണാകുളം ഡിവിഷന് കീഴിലുളള മരാമത്ത് പ്രവൃത്തികളിലാണ് ധനകാര്യ പരിശോധനാ വിഭാഗം ക്രമക്കേട് കണ്ടെത്തിയത്. ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും നഷ്ടം ഈടാക്കാനും മന്ത്രി ജി.സുധാകരൻ നിർദേശം നൽകി.

2013 മുതൽ 2016 വരെയുളള കാലത്ത് എറണാകുളം ഡിവിഷന് കീഴിൽ നടത്തിയ പൊതുമരാമത്ത് പ്രവൃത്തികളിലാണ് ധനകാര്യ പരിശോധനാ വിഭാഗം ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയത്. ചെയ്യാത്ത മരാമത്ത് പ്രവൃത്തികൾക്ക് തുക മാറി നൽകുക, വ്യാജരേഖ ചമച്ച് സെക്യൂരിറ്റി ഡെപ്പോസിറ്റ് സ്വീകരിക്കാതിരിക്കുക, ബിറ്റുമിൻ വിതരണത്തിൽ ക്രമക്കേട് നടത്തുക തുടങ്ങിയ കാര്യങ്ങൾ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. 1.77 കോടി രൂപയുടെ നഷ്ടമാണ് സർക്കാരിന് ഇതിലൂടെ ഉണ്ടായത്. സൂപ്രണ്ടിംഗ് എഞ്ചിനീയർമാർ തൊട്ട് ക്ലാർക്ക്മാർ വരെയുളള ഉദ്യോഗസ്ഥർക്ക് ക്രമക്കേടിൽ പങ്കുണ്ടെന്നും ധനകാര്യ പരിശോധന വിഭാഗം കണ്ടെത്തി. ഇവരുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്കെതിരെ പൊതുമരാമത്ത് വകുപ്പ് നടപടി തുടങ്ങിക്കഴിഞ്ഞു.

6 പേരെ ഇതിനകം സസ്പെൻറ് ചെയ്തു. കരാറുകാരൻ സുബിൻ ജോർജിൻറെ ലൈസൻസ് റദ്ദാക്കും. ക്രമക്കേടിന് കൂട്ട് നിന്ന മറ്റു 14 ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും ക്രമക്കേടിലൂടെ സർക്കാറിനുണ്ടായ നഷ്ടം ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കാനും മന്ത്രി ജി.സുധാകരൻ നിർദേശം നൽകി. ക്രമക്കേടിൽ വിജിലൻസ് അന്വേഷണം നടത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പാലാരിവട്ടം പാലം നിർമ്മാണത്തിൽ അഴിമതി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് യു.ഡി.എഫ് സർക്കാറിൻറെ കാലത്ത് നടന്ന പൊതുമരാമത്ത് പ്രവൃത്തികൾ പരിശോധിക്കാൻ സർക്കാർ തീരുമാനിച്ചത്.