LiveTV

Live

Kerala

വീട്ടില്‍ പരിശോധന നടത്തുന്നതിന് മുമ്പ് തന്നെ താഹയുടെ പേരില്‍ യു.എ.പി.എ ചുമത്തിയെന്ന് സഹോദരന്‍

മാവോയിസ്റ്റ് അനുകൂല പുസ്തകങ്ങളും ലഘുലേഖകളും കണ്ടെത്തിയെന്ന് പറയുന്നത് അതിന് ശേഷമാണെന്നും ഇത് കൊണ്ടുവന്നത് പൊലീസാണെന്ന് സംശയിക്കുന്നതായും ഇജാസ് മീഡിയവണിനോട് പറഞ്ഞു

 വീട്ടില്‍ പരിശോധന നടത്തുന്നതിന് മുമ്പ് തന്നെ താഹയുടെ പേരില്‍ യു.എ.പി.എ ചുമത്തിയെന്ന് സഹോദരന്‍

വീട്ടില്‍ പരിശോധന നടത്തുന്നതിന് മുമ്പ് തന്നെ താഹയുടെ പേരില്‍ യു.എ.പി.എ ചുമത്തിയെന്ന് സഹോദരന്‍ ഇജാസ്. മാവോയിസ്റ്റ് അനുകൂല പുസ്തകങ്ങളും ലഘുലേഖകളും കണ്ടെത്തിയെന്ന് പറയുന്നത് അതിന് ശേഷമാണെന്നും ഇത് കൊണ്ടുവന്നത് പൊലീസാണെന്ന് സംശയിക്കുന്നതായും ഇജാസ് മീഡിയവണിനോട് പറഞ്ഞു. പൊലീസ് മർദ്ദിച്ചുവെന്നും കഞ്ചാവ് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും താഹ പറയുന്നതിന്റെ ദൃശ്യങ്ങളും മീഡിയവണിന് ലഭിച്ചു.

ഞാനും താഹയും സജീവ സി.പി.എം പാര്‍ട്ടി പ്രവര്‍ത്തകരാണ്. ഞങ്ങളുടേത് പാര്‍ട്ടി കുടുംബമാണ്. വീട്ടില്‍ ഞങ്ങളെല്ലാവരും ഉപയോഗിക്കുന്ന റൂമാണത്. അതില്‍ ഒന്നും ഒളിച്ചുവയ്ക്കാന്‍ സാധിക്കില്ല. താഹയെക്കുറിച്ച് നാട്ടുകാര്‍ക്ക് അറിയാം. പ്രളയത്തിന്റെ സമയത്ത് നന്നായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരപരാധിയാണെന്ന് പൊലീസിനും ബോധ്യമുള്ളതുകൊണ്ടാണല്ലോ വീട്ടില്‍ പരിശോധനയുടെ സമയത്ത് അവനെ ഒറ്റക്ക് റൂമിലേക്ക് വിട്ടത്. ഓടി രക്ഷപ്പെടാനുള്ള സാഹചര്യമുണ്ടായിരുന്നു. പകുതി വിലങ്ങിട്ട രീതിയിലായിരുന്നു. നാലോ, അഞ്ചോ പൊലീസുകാര്‍‌ ഒരു ബൊലീറോയിലാണ് എത്തിയത്. മാവോയിസ്റ്റ് എന്ന് മുദ്ര കുത്തുന്ന ആളുകളെ പൊലീസ് ഇത്ര അലക്ഷ്യമായിട്ട് കൊണ്ടുവരുമോ? ഇജാസ് ചോദിക്കുന്നു.

വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച ശേഷം ഒറ്റക്കാണ് താഹ പൊലീസ് ജീപ്പില്‍ പോയി ഇരുന്നതെന്ന് ഉമ്മ മീഡിയവണിനോട് പറഞ്ഞു.