LiveTV

Live

Kerala

വാളയാര്‍ കേസ്: പൊലീസിനും പ്രോസിക്യൂഷനും ബാലാവകാശ കമ്മീഷന്‍റെ രൂക്ഷ വിമര്‍ശനം

വാളയാര്‍ കേസ്: പൊലീസിനും പ്രോസിക്യൂഷനും  ബാലാവകാശ കമ്മീഷന്‍റെ രൂക്ഷ വിമര്‍ശനം

വാളയാര്‍ കേസില്‍ പൊലീസിനും പ്രോസിക്യൂഷനും കോടതിക്കും സംസ്ഥാന ബാലാവകാശ കമ്മീഷന്‍റെ രൂക്ഷ വിമര്‍ശനം. പൊലീസും പ്രോസിക്യൂഷനും തികഞ്ഞ നിസംഗതയോടെയാണ് കേസിനെ സമീപിച്ചത്. കേസില്‍ തുടരന്വേഷണവും തുടര്‍ വിചാരണയും ആവശ്യപ്പെട്ട് സര്‍ക്കാര്‍‍ ഹൈക്കോടതിയെ സമീപിക്കണമെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ആവശ്യപ്പെട്ടു.

വാളയാര്‍ കേസില്‍ അന്വേഷണത്തിന്റെ ആദ്യ ഘട്ടം മുതല്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്നാണ് സംസ്ഥാന ബാലാവകാശ കമ്മീഷന്റെ കണ്ടെത്തല്‍. അന്വേഷണ ഉദ്യോഗസ്ഥന്റെ താളത്തിനൊത്ത് തുളളുകയാണ് പ്രോസിക്യൂഷന്‍ ചെയ്തത്. പ്രധാന സാക്ഷികളെ വിസ്തരിക്കാനോ അന്വേഷണം ശരിയായ ദിശയില്‍ നടന്നില്ലെന്ന് കോടതിയെ ബോധ്യപ്പെടുത്താനോ പ്രോസിക്യൂഷന് കഴിഞ്ഞില്ല. പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴിയും കേസില്‍ തിരിച്ചടിയായി. കോടതിയുടെ ഭാഗത്ത് നിന്നും കേസില്‍ വേണ്ടത്ര ജാഗ്രതയുണ്ടായില്ലെന്നും ബാലാവകാശ കമ്മീഷന്‍ കുറ്റപ്പെടുത്തി.

കേസില്‍ തുടരന്വേഷണവും തുടര്‍ വിചാരണയും ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇതിനിടെ വാളയാര്‍ കേസില്‍ ബാലാവകാശ കമ്മീഷന്‍ മൌനം പാലിക്കുന്നുവെന്നാരോപിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ ഇന്ന് കമ്മീഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.