LiveTV

Live

Kerala

കോഴിക്കോട്ടെ യു.എ.പി.എ കേസില്‍ സിറ്റി പോലീസ് കമ്മീഷണര്‍ എ.വി ജോര്‍ജിന്‍റെ പങ്ക് സജീവ ചര്‍ച്ചയാകുന്നു

എവി ജോര്‍ജ് ആലുവ റൂറല്‍ എസ്പിയായിരുന്ന സമയത്ത് എടുത്ത പല യുഎപിഎ കേസുകളും അന്ന് വിമര്‍ശന വിധേയമായിട്ടുണ്ട്

കോഴിക്കോട്ടെ യു.എ.പി.എ കേസില്‍ സിറ്റി പോലീസ് കമ്മീഷണര്‍ എ.വി ജോര്‍ജിന്‍റെ പങ്ക് സജീവ ചര്‍ച്ചയാകുന്നു

സംസ്ഥാന സര്‍ക്കാരും,സി.പി.എമ്മും പ്രതികൂട്ടില്‍ നില്‍ക്കുന്ന കോഴിക്കോട്ടെ യു.എ.പി.എ കേസില്‍ സിറ്റി പോലീസ് കമ്മീഷണര്‍ എ.വി ജോര്‍ജിന്‍റെ പങ്ക് സജീവ ചര്‍ച്ചയാകുന്നു. എവി ജോര്‍ജ് ആലുവ റൂറല്‍ എസ്പിയായിരുന്ന സമയത്ത് എടുത്ത പല യുഎപിഎ കേസുകളും അന്ന് വിമര്‍ശന വിധേയമായിട്ടുണ്ട്. അലനും,ത്വാഹക്കുമെതിരെ യു.എ.പി.എ ചുമത്തിയതില്‍ പോലീസിന് വീഴ്ചപറ്റിയെന്ന് സി.പി.എം നേതാക്കളടക്കം വിമര്‍ശനം ഉന്നയിക്കുമ്പോള്‍ ലക്ഷ്യം വെക്കുന്നത് എ.വി ജോര്‍ജിനെ കൂടിയാണ്.

പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ കാലത്ത് ആഭ്യന്തര വകുപ്പ് ഏറ്റവും അധികം പഴികേട്ട സംഭവങ്ങളിലൊന്ന് വരാപ്പുഴയിലെ ശ്രീജിത്തിന്‍റ കസ്റ്റഡിമരണമായിരുന്നു. ഡി.ജി.പിയുടെ നിര്‍ദ്ദേശം ലംഘിച്ച് അന്ന് ആലുവ റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജ് രൂപികരിച്ച പ്രത്യേക ഷാഡോ സംഘമായിരുന്നു പ്രതികൂട്ടില്‍. അതിന്‍റെ പേരില്‍ എ.വി ജോര്‍ജ് സസ്പെന്‍ഷനിലുമായി.

സസ്പെന്‍ഷന്‍ കാലാവധി തീരുമുമ്പേ എ.വി ജോര്‍ജിനെ സര്‍വ്വീസിലേക്ക് തിരിച്ചെടുത്ത സര്‍ക്കാര്‍ സുപ്രധാന പദവിയും നല്‍കി. പറവൂരില്‍ യുവതിയെ മതം മാറ്റി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ എടുത്തതടക്കമുള്ള നിരവധി യു.എ.പി.എ കേസുകള്‍ ആലുവ റൂറല്‍ എസ്.പിയായിരുന്ന സമയത്ത് എ.വി ജോര്‍ജ് രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. പരിസ്ഥിതി പ്രവര്‍ത്തകന്‍‌ പുരുഷന്‍ ഏലൂരിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന ആരോപണവും എ.വി ജോര്‍ജിനെതിരെയുണ്ട്. ഇതെല്ലാം നിലനില്‍‌ക്കുമ്പോഴാണ് മാവോയിസ്റ്റ് മുദ്ര ചാര്‍ത്തി. അലനെതിരേയും,ത്വഹക്കെതിരെയും യു.എ.പി.എ കേസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്.

അബ്ദുല്‍നാസര്‍ മഅ്ദനി ഒരു ദശകത്തിലധികം കാലം ജയിലില്‍ കിടന്ന കോയമ്പത്തൂര്‍ ബോംബ് സ്ഫോടനക്കേസില്‍ 1998 മാര്‍ച്ച് 31ന് അറസ്റ്റ് ചെയ്തത് എ.വി ജോര്‍ജ്ജായിരുന്നു. ആ കേസില്‍ 2007 ഓഗസ്റ്റ് 1ന് കുറ്റക്കാരനല്ലന്ന് കണ്ടെത്തി മഅ്ദനിയെ കോടതി വെറുതെ വിട്ടു.കോഴിക്കോട്ടെ സംഭവത്തില്‍ എവി ജോര്‍ജിന്റെ പങ്ക് അന്വേഷിക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടേറിയേറ്റ് ആവിശ്യപ്പെട്ടിട്ടുണ്ട്.