LiveTV

Live

Kerala

‘ഇവിടിപ്പോൾ പ്രവർത്തിക്കുന്ന ഒരു സർക്കാരുണ്ട്’; സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരായ യു.എ.പി.എ കേസില്‍ പരിഹാസവുമായി വി.ടി ബല്‍റാം എം.എല്‍.എ

‘ഇവിടിപ്പോൾ പ്രവർത്തിക്കുന്ന ഒരു സർക്കാരുണ്ട്’; സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരായ യു.എ.പി.എ കേസില്‍ പരിഹാസവുമായി വി.ടി ബല്‍റാം എം.എല്‍.എ

മാവോയിസ്റ്റ് ലഘുലേഖ വിതരണം ചെയ്‌തെന്നാരോപിച്ച് കോഴിക്കോട് സി.പി.എം പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം. സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി പരിഹസിച്ചാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

‘നാല് നോട്ടീസിന്റെ പേരില്‍ അടുക്കളയില്‍ നിന്ന് തൂക്കിയെടുത്ത് പോലീസ് ജീപ്പിനുള്ളിലേക്ക് വലിച്ചിഴക്കപ്പെടുന്നതിനിടയില്‍ പുറത്തുനിന്ന് സഹായിക്കാനോടിയെത്തി ഒച്ചവച്ച അയല്‍പക്കക്കാരോട് അന്തം:

‘ഓ.. ആരാ ഈ ബഹളം വക്കുന്നത്, അടിയന്തരാവസ്ഥക്കാലത്ത് രാജനെ പിടിച്ചു കൊണ്ടുപോയപ്പോള്‍ മിണ്ടാതിരുന്നവരല്ലേ? ഇവിടിപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാരുണ്ട്’, ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

അതെ സമയം യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സി.പി.എം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. കേസില്‍ നാളെ വിശദമായ വാദം കേള്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേ സമയം യു.എ.പി.എ ചുമത്തിയത് പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കോഴിക്കോട് തിരുവണ്ണൂർ സ്വദേശി അലൻ ഷുഹൈബിനെയും പന്തീരങ്കാവ് സ്വദേശി ത്വാഹ ഫസലിനെയുമാണ് യു.എ.പി.എ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. പുലർച്ചെ ഇവരുടെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയാണ് കസ്റ്റഡിയിലെടുത്തത്. അലൻ ഷുഹൈബിന്റെ വീട്ടിൽ നിന്നും ഒരു ഫോണും താഹ ഫസലിന്റെ വീട്ടിൽ നിന്നും 2 പുസ്തകങ്ങളും 2 പതാകകളും കസ്റ്റഡിയിലെടുത്തതായാണ് പൊലീസ് നല്‍കുന്ന വിവരം.