LiveTV

Live

Kerala

യു.എ.പി.എക്ക് എതിരാണ്, യുവാക്കള്‍ക്കെതിരെ ചുമത്തിയത് പരിശോധിക്കും: മുഖ്യമന്ത്രി

യു.എ.പി.എയെക്കുറിച്ച് പറയാന്‍ കോണ്‍ഗ്രസിന് അവകാശമില്ല. പാര്‍ലമെന്റില്‍ ഭേദഗതി വന്നപ്പോള്‍ ബി.ജെ.പിയോടൊപ്പം കോണ്‍ഗ്രസും അനുകൂലിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി

യു.എ.പി.എക്ക് എതിരാണ്, യുവാക്കള്‍ക്കെതിരെ  ചുമത്തിയത് പരിശോധിക്കും: മുഖ്യമന്ത്രി

കോഴിക്കോട് രണ്ട് യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യു.എ.പി.എക്ക് എതിരാണ് എല്‍.ഡി.എഫിന്‍റെയും സര്‍ക്കാരിന്‍റെയും നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പൊലീസ് കസ്റ്റഡിയിലെടുത്ത ചെറുപ്പക്കാരില്‍ ഒരാളുടെ മാതാപിതാക്കള്‍ തന്നെ വന്നു കണ്ടിരുന്നു. പരിശോധിക്കട്ടെയെന്ന് അപ്പോള്‍ത്തന്നെ അവരോട് പറഞ്ഞു. യു.എ.പി.എ പൊലീസ് ചാര്‍ജ് ചെയ്ത ഉടനെ പ്രാബല്യത്തില്‍ വരില്ല. സര്‍ക്കാരിന്റെ പരിശോധന നടക്കണം. അതിനുപുറമേ ജസ്റ്റിസ് ഗോപിനാഥന്‍ ചെയര്‍മാനായിട്ടുള്ള ഒരു കമ്മീഷനുണ്ട്. ആ കമ്മീഷന്റെ പരിശോധനയും നടക്കണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

യു.എ.പി.എയെക്കുറിച്ച് പറയാന്‍ കോണ്‍ഗ്രസിന് അവകാശമില്ല. യു.എ.പി.എയുടെ കാര്യത്തില്‍ അടുത്ത കാലത്ത് പാര്‍ലമെന്റില്‍ ഭേദഗതി വന്നപ്പോള്‍ ബി.ജെ.പിയോടൊപ്പം കോണ്‍ഗ്രസും അനുകൂലിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

കോഴിക്കോട് സ്വദേശികളും സി.പി.എം പ്രവര്‍ത്തകരുമായ അലന്‍ ഷുഹൈബ്, ത്വാഹ ഫസല്‍ എന്നിവര്‍ക്കെതിരെ പൊലീസ് യു.എ.പി.എ ചുമത്തിയതിനെതിരെ സി.പി.എമ്മിനുള്ളില്‍ നിന്ന് തന്നെ കടുത്ത വിമര്‍ശനം ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തരുതെന്ന് നേരത്തെ സി.പി.എം സെക്രട്ടറിയേറ്റും പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.