LiveTV

Live

Kerala

യു.എ.പി.എ അറസ്റ്റ്; മഹസര്‍ ലിസ്റ്റില്‍ അലന്‍റെ വീട്ടില്‍ നിന്ന് ലഭിച്ചത് മൊബൈല്‍ ഫോണ്‍ മാത്രം!

ഇരുവരുടേയും വീടുകളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതെന്ന് പറയുന്ന സാധനങ്ങളുടെ പട്ടികയാണ് മഹസര്‍ ലിസ്റ്റിലുള്ളത്.

യു.എ.പി.എ അറസ്റ്റ്; മഹസര്‍ ലിസ്റ്റില്‍ അലന്‍റെ വീട്ടില്‍ നിന്ന് ലഭിച്ചത് മൊബൈല്‍ ഫോണ്‍ മാത്രം!

മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റിലായ രണ്ടു പേരുടെ വീട്ടില്‍ നിന്നും പോലീസ് പിടിച്ചെടുത്ത സാധനങ്ങളുടെ മഹസര്‍ ലിസ്റ്റ് മീഡിയാവണിന്. അലന്‍റെ വീട്ടില്‍ നിന്നും ഒരു മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. താഹയുടെ വീട്ടില്‍ നിന്നും നിരവധി ലഘുലേഖകളും പുത്കങ്ങളും കണ്ടെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ആരെയും അകത്ത് പ്രവേശിപ്പിക്കാതെയാണ് പോലീസ് റൂമില്‍ പരിശോധന നടത്തിയതെന്ന് താഹയുടെ കുടുംബം ആരോപിച്ചു

കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലും പുലര്‍ച്ചെയുമായി ഇരുവരുടേയും വീടുകളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതെന്ന് പറയുന്ന സാധനങ്ങളുടെ പട്ടികയാണ് മഹസര്‍ ലിസ്റ്റിലുള്ളത്. അലന്‍റെ വീട്ടില്‍ നിന്നും ലഭിച്ചത് റെഡ്മിയുടെ ഒരു ഫോണ്‍ മാത്രം. പാഠ പുസ്തകങ്ങള്‍ മാത്രമാണ് താഹയുടെ മുറിയിലുണ്ടായിരുന്നതെന്നാണ് കുടുംബം പറയുന്നത്.

പക്ഷേ താഹയുടെ വീട്ടില്‍ നിന്നും പുസ്തകങ്ങളും ലഘുലേഖകളും കണ്ടെത്തയിതായി പോലീസിന്റെ‍ മഹസര്‍ ലിസ്റ്റില്‍ പറയുന്നു. തുറക്കാത്ത പാഴ്സല്‍ കൊറിയര്‍ തുറന്ന് പരിശോധിച്ചപ്പോള്‍ ഇന്ത്യയുടെ ജാതിചിന്ത നമ്മുടെ കാഴ്ചപ്പാട് സി.പി.ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റി എന്ന പുസ്തകവും ഇന്ത്യന്‍ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്‍റെ പറയപ്പെടാത്ത കഥ എന്ന പുസ്തകവും പിടിച്ചെടുത്തതായും മഹസര്‍ ലിസ്റ്റിലുണ്ട്. ഇതിനു പുറമേ നോട്ട് ബുക്കുകളും ഡയറികളും പിടിച്ചെടുത്തു. പത്രത്തിന്‍റെ പേജുകള്‍ക്കിടയില്‍ മടക്കി വെച്ച ലഘു ലേഖകളും ലാപ്ടോപ്പും മൊബൈല്‍ സിമ്മും പിടിച്ചെടുത്തവയുടെ പട്ടികയിലുണ്ട്.