LiveTV

Live

Kerala

മേയറെ മാറ്റാതെ വെടിനിര്‍ത്തലില്ല; സംസ്ഥാന നേതൃത്വത്തെ കാണാനൊരുങ്ങി ജില്ലാ നേതാക്കള്‍

സൌമിനി ജെയിന്‍ സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് ആറ് വനിതാ കൌണ്‍സിലര്‍മാര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

മേയറെ മാറ്റാതെ വെടിനിര്‍ത്തലില്ല; സംസ്ഥാന നേതൃത്വത്തെ കാണാനൊരുങ്ങി ജില്ലാ നേതാക്കള്‍

കൊച്ചി മേയര്‍ സൌമിനി ജെയിനെ മാറ്റണമെന്ന നിലപാടില്‍ നിന്ന് പൂര്‍ണമായും പിന്‍വാങ്ങാതെ ജില്ലയിലെ നേതാക്കള്‍. മേയറെ മാറ്റണമെന്ന ആവശ്യം സംസ്ഥാന നേതൃത്വത്തെ നേരില്‍ കണ്ട് ആവശ്യപ്പെടാനാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. സൌമിനി ജെയിന്‍ സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് ആറ് വനിതാ കൌണ്‍സിലര്‍മാര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെയാണ് മേയറെ മാറ്റണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസില്‍ കലഹമാരംഭിച്ചത്. ഗ്രൂപ്പ് ഭേദമന്യേ നേതാക്കള്‍ ധാരണയിലെത്തുകയും സംസ്ഥാന നേതൃത്വത്തെ കാര്യങ്ങള്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ കെ.പി.സി.സി നേതൃത്വം ജില്ലാ നേതൃത്വത്തിന്റെയും ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കളുടെയും ആവശ്യത്തിന് അംഗീകാരം നല്‍കിയില്ല. ഈ സാഹചര്യത്തിലാണ് ജില്ലാ നേതൃത്വം വീണ്ടും സംസ്ഥാന നേതൃത്വത്തെ കാണാനൊരുങ്ങുന്നത്.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. നിലവിലെ ശാന്തത താല്‍കാലികമാണെന്നാണ് ജില്ലാ നേതാക്കള്‍ നല്‍കുന്ന സൂചന. കടുത്ത നിലപാട് തുടര്‍ന്നാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമോയെന്ന് നേതാക്കള്‍ ഭയക്കുന്നു.

മാത്രമല്ല പ്രബലമായ രണ്ട് ഗ്രൂപ്പുകള്‍ക്ക് പുറമേ ജില്ലാ തലത്തില്‍ പുതിയ ഗ്രൂപ്പ് സമവാക്യം രൂപപ്പെടുമോ എന്നും നേതാക്കള്‍ ഭയക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് കഴിയുന്നതോടെ മേയറെ മാറ്റുന്ന കാര്യത്തില്‍ സമ്മര്‍ദ്ദം കൂടുതല്‍ ശക്തമാക്കാമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.