LiveTV

Live

Kerala

പോലീസിനെതിരെ സി.പി.എം പ്രമേയം; യു.എ.പി.എ പിന്‍വലിക്കണമെന്ന് ആവശ്യം

പോലീസിന്‍റെ അനാവശ്യ നടപടിയെന്ന് സി.പി.എം കോഴിക്കോട് സൌത്ത് ഏരിയാ കമ്മറ്റി.

പോലീസിനെതിരെ സി.പി.എം പ്രമേയം; യു.എ.പി.എ പിന്‍വലിക്കണമെന്ന് ആവശ്യം

പൊലീസ് നടപടിക്കെതിരെ കോഴിക്കോട് സൌത്ത് ഏരിയാ കമ്മിറ്റി പ്രമേയം പാസ്സാക്കി. യു.എ.പി.എ പിന്‍വലിക്കാന്‍ പൊലീസ് തയ്യാറാകണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. റിമാന്‍ഡില്‍ കഴിയുന്ന അലന്‍റെയും താഹയുടെയും ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത അലന്‍ ശുഹൈബിന്‍റെയും താഹ ഫസലിന്‍റെയും പേരില്‍ ചുമത്തിയ യു.എ.പി.എ അടിയന്തരിമായി പിന്‍വലിക്കണമെന്നാണ് സി.പി.എം സൌത്ത് ഏരിയാ കമ്മറ്റി ആവശ്യപ്പട്ടിരിക്കുന്നത്. ലഘുലേഖയോ നോട്ടീസോ കൈവശം വെക്കുന്നത് യു.എ.പി.എ ചുമത്താന്‍ മാത്രമുളള കുറ്റമല്ല. ഇരുവരെയും അറസ്റ്റ് ചെയ്ത ഉടന്‍ തന്നെ ധൃതി പിടിച്ച് യു.എ.പി.എ ചുമത്തുകയായിരുന്നു. പോലീസിന്‍റെ ഈ നടപടി ജനാധിപത്യ അവകാശങ്ങളെ കവര്‍ന്നെടുക്കുന്നതും വിചാരണയും വിവേചനവും ഇല്ലാത്ത തടവ് ശിക്ഷക്ക് വിധേയമാക്കുന്ന യു.എ.പി.എയുടെ ദുരുപയോഗവും ആണെന്നും പ്രമേയം കുറ്റപ്പെടുന്നത്തുന്നു. പോലീസിന്‍റെ നടപടിക്കെതിരെ സി.പി.എമ്മില്‍ പ്രതിഷേധം ശക്തമാണ്. ഇതിന്‍റെ ഭാഗമായാണ് പ്രമേയം പാസാക്കാന്‍ കോഴിക്കോട് സൌത്ത് ഏരിയാ കമ്മറ്റി തയ്യാറായത്. അതേ സമയം ഇരുവരുടേയും ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി നാളെ പരിഗണിക്കും. കേസില്‍ നാളെ വിശദമായ വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചിട്ടുണ്ട്. യു.എ.പി.എ ചുമത്തിയ നടപടി പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുള്ളതിനാല്‍ കോടതിയില്‍ പോലീസ് സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും.