LiveTV

Live

Kerala

കോഴിക്കോട്ടെ അറസ്റ്റ്: യു.എ.പി.എ ചുമത്തരുതെന്ന് സി.പി.എം

അറസ്റ്റുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെയുള്ള പ്രചാരണം രാഷ്ട്രീയലക്ഷ്യത്തോടെയാണെന്നും സെക്രട്ടേറിയേറ്റ് വിലയിരുത്തി.

കോഴിക്കോട്ടെ അറസ്റ്റ്: യു.എ.പി.എ ചുമത്തരുതെന്ന് സി.പി.എം

കോഴിക്കോട് അറസ്റ്റിലായ യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തരുതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. കേന്ദ്രസര്‍ക്കാര്‍ ഈ നിയമം പാസാക്കിയപ്പോള്‍ നിശിതമായി എതിര്‍ത്ത പാര്‍ട്ടിയാണ് സി.പി.എം. എല്‍.ഡി.എഫ് ഭരണത്തില്‍ ഒരു നിരപരാധി‌ക്കും നേരെ യു.എ.പി.എ ചുമത്തുമെന്ന്‌ കരുതാനാവില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം അറസ്റ്റുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെയുള്ള പ്രചാരണം രാഷ്ട്രീയലക്ഷ്യത്തോടെയാണെന്നും സെക്രട്ടേറിയേറ്റ് വിലയിരുത്തി.

കോഴിക്കോട്ടെ യു.എ.പി.എ അറസ്റ്റിനെതിരെ എല്‍.ഡി.എഫ് കണ്‍വീനറും മുതിര്‍ന്ന സി.പി.എം നേതാക്കളും ഉള്‍പ്പെടെ പരസ്യമായി രംഗത്തെത്തിയിരുന്നു‍. പൊലീസിന് വീഴ്ച പറ്റിയെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ പറഞ്ഞു. സർക്കാർ നയത്തില്‍ നിന്ന് പൊലീസ് വ്യതിചലിക്കുന്നുവെന്ന് എം.വി ജയരാജൻ കുറ്റപ്പെടുത്തി. പൊലീസ് നടപടി തിരുത്തപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് പി ജയരാജനും പറഞ്ഞു.

യു.എ.പി.എ പ്രകാരം കേസെടുത്തത് അംഗീകരിക്കാനില്ലെന്നായിരുന്നു എം.സ്വരാജിൻറെ പ്രതികരണം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പില്‍ പ്രതീക്ഷയുണ്ടെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്‍റ് മുഹമ്മദ് റിയാസ് പറഞ്ഞു. അറസ്റ്റിലായ ത്വാഹയുടെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു റിയാസിന്‍റെ പ്രതികരണം. പിന്നാലെയാണ് സി.പി.എം സെക്രട്ടറിയേറ്റ് പ്രസ്താവന പുറത്തിറക്കിയത്.