LiveTV

Live

Kerala

യു.എ.പി.എ അറസ്റ്റ്: പൊലീസ് കെട്ടിച്ചമച്ച കഥയെന്ന് സി.പി.എം പ്രവര്‍ത്തകര്‍, പ്രതിഷേധവുമായി ഇടത് നേതാക്കൾ

കേരള പൊലീസിലെ ഒരുവിഭാഗം ഇടതുസര്‍ക്കാര്‍ നയങ്ങളെ അംഗീകരിക്കാത്തവരാണെന്നും ആര്‍.എസ്.എസ് നയങ്ങളാണ് പൊലീസ് നടപ്പിലാക്കുന്നതെന്ന് ബിനോയ് വിശ്വം

യു.എ.പി.എ അറസ്റ്റ്: പൊലീസ് കെട്ടിച്ചമച്ച കഥയെന്ന് സി.പി.എം പ്രവര്‍ത്തകര്‍, പ്രതിഷേധവുമായി ഇടത് നേതാക്കൾ

തങ്ങൾക്കെതിരായ ആരോപണങ്ങൾ പൊലീസ് കെട്ടിച്ചമച്ചതെന്ന് മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകളും ലഘുലേഖകളും കൈവശം സൂക്ഷിച്ചുവെന്ന പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട സി.പി.എം പ്രവർത്തകർ. കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കോഴിക്കോട് തിരുവണ്ണൂർ സ്വദേശി അലൻ ഷുഹൈബും പന്തീരാങ്കാവ് സ്വദേശി ത്വാഹ ഫസലും ഇക്കാര്യം മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞത്. എന്നാൽ വ്യക്തമായ തെളിവുകൾ സഹിതമാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും ചുമത്തിയ യു.എ.പി.എ പിൻവലിക്കില്ലെന്നും പൊലീസ് ഐ.ജി അശോക് യാദവ് പറഞ്ഞു.

അതിനിടെ, സി.പി.എം പ്രവർത്തകരെ അറസ്റ്റ് ചെയ്തതിലുള്ള പ്രതിഷേധം ശക്തമായി. യു.എ.പി.എ ചുമത്തുന്നത് ഇടതുനയമല്ലെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ടി കുഞ്ഞിക്കണ്ണൻ പറഞ്ഞു. സർക്കാരിന്റെ നയം മറന്ന് പ്രവർത്തിക്കാൻ പൊലീസിന് എന്ത് അധികാരമാണുള്ളതെന്നും അദ്ദേഹം ഫേസ്ബുക്കിൽ ചോദിച്ചു.

ഇടതുപക്ഷത്തിന്റെ നയമല്ല യു.എ.പി.എ ഉപയോഗിക്കുകയെന്നത്. ഇടതുപക്ഷസർക്കാരിന്റെ നയത്തിനെതിരാണ് കോഴിക്കോട് രണ്ട് വിദ്യാർത്ഥികൾക്കെതിരായി യു.എ.പി.എ ചുമത്തിയ പോലീസ് നടപടി. അത് പുനരാലോചിക്കുകയും തിരുത്തുകയും വേണം. 2016-ൽ സർക്കാർ അധികാരത്തിൽ വരുന്ന സന്ദർഭത്തിൽ സംസ്ഥാനത്ത് 165 യു.എ.പി.എ കേസുകൾ ഉണ്ടായിരുന്നു. അതിൽ 42 എണ്ണം പരിശോധിച്ച് ഒഴിവാക്കിയതായിരുന്നു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പോലീസ് എടുത്ത 26 യു.എ.പി.എ കേസുകളിൽ 25 എണ്ണവും ആഭ്യന്തരവകുപ്പിന്റെയും സി.പി.ഐ(എം)ന്റെയും ശക്തമായ ഇടപെടൽ മൂലം ഒഴിവാക്കിയതാണ്. ആശയപ്രചരണത്തിന്റെയോ രാഷ്ട്രീയ അഭിപ്രായങ്ങളുടേയോ പേരിൽ യു.എ.പി.എ ചുമത്തെരുതെന്നത് സർക്കാരിന്റെയും സി.പി.ഐ(എം)ന്റെയും പ്രഖ്യാപിത നയമാണ്. ഇതിന് വിരുദ്ധമായി പോലീസ് യു.എ.പി.എ ചേർത്ത് കേസ് എടുത്ത സാഹചര്യത്തിലാണ് എല്ലാ കേസുകളും സർക്കാർ പുനഃപരിശോധിച്ചത്. ഹൈക്കോടതിയിൽ സർക്കാർ നൽകിയ അഫിഡവിറ്റിൽ ആശയാഭിപ്രായങ്ങളുടെ പേരിൽ ഒരാൾക്കെതിരെ യു.എ.പി.എ ചുമത്തുകയെന്നത് സർക്കാർ നയമല്ലെന്ന് വ്യക്തമാക്കിയതുമാണ്. സർക്കാരിന്റെ നയം മറന്ന് പ്രവർത്തിക്കാൻ പോലീസ്‌സേനയ്ക്ക് എന്തധികാരമാണുള്ളത്.
കെ.ടി കുഞ്ഞിക്കണ്ണന്‍

യു.എ.പി.എ ചുമത്തിയ പൊലീസ് നടപടി ഇടതുപക്ഷ സർക്കാരിന് കളങ്കമാണെന്ന് സി.പി.ഐ നേതാവ് ബിനോയ് വിശ്വവും പ്രതികരിച്ചു. കേരള പൊലീസിലെ ഒരുവിഭാഗം ഇടതുസര്‍ക്കാര്‍ നയങ്ങളെ അംഗീകരിക്കാത്തവരാണെന്നും ആര്‍.എസ്.എസ് നയങ്ങളാണ് പൊലീസ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അറസ്റ്റിലായവർക്ക് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെങ്കിൽ പാർട്ടി അന്വേഷിച്ച് നടപടി എടുക്കുമെന്നും മാവോയിസ്റ്റുകളുമായുള്ള സൗഹൃദത്തിന്റെ പേരിൽ യുഎപിഎ ചുമത്തുന്നത് അംഗീകരിക്കാനാവില്ലെന്നും സി.പി.എം ജില്ലാ സെക്രട്ടറി പി മോഹനനും പറഞ്ഞു