LiveTV

Live

Kerala

യു.എ.പി.എ: പാർട്ടിക്കകത്ത് പ്രതിഷേധം ശക്തമാവുന്നു, പിണറായി പ്രതിസന്ധിയിൽ

പിണറായിയുടെ നേരിട്ടുള്ള നിയന്ത്രണത്തിന്‍കീഴിലുള്ള പൊലീസിനെതിരെ എം.എ ബേബി, എം.എ ലോറന്‍സ്, കെ.ടി കുഞ്ഞിക്കണ്ണന്‍, പി. മോഹനന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളാണ് അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്.

യു.എ.പി.എ: പാർട്ടിക്കകത്ത് പ്രതിഷേധം ശക്തമാവുന്നു, പിണറായി പ്രതിസന്ധിയിൽ

സി.പി.എം പ്രവർത്തകര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ അമര്‍ഷം പുകയുന്നു. മുതിര്‍ന്ന നേതാക്കള്‍ തന്നെ പരസ്യവിമര്‍ശവുമായി രംഗത്തെത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നാണ് രാഷ്ട്രീയ വൃത്തങ്ങള്‍ വിലയിരുത്തുന്നത്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള പിണറായിക്ക് പൊലീസിനു മേല്‍ നിയന്ത്രണമില്ലെന്നും ഇത് ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ പ്രതിച്ഛായയെ തന്നെ ബാധിക്കുന്നുവെന്നുമുള്ള വിലയിരുത്തലാണ് പാര്‍ട്ടിക്കകത്തു നിന്നുതന്നെ ഉയരുന്നത്.

ഒരുകാലത്ത് പാര്‍ട്ടിയിലെ എതിരില്ലാത്ത ശബ്ദമായിരുന്ന പിണറായിയുടെ പൊലീസ് ഭരണത്തിനെതിരെ എം.എ ബേബി, എം.എ ലോറന്‍സ്, കെ.ടി കുഞ്ഞിക്കണ്ണന്‍, പി. മോഹനന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളാണ് പരസ്യമായ അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്. ഇതിനുപിന്നാലെ മുന്നണിയിലെ രണ്ടാമന്മാരായ സി.പി.ഐയും ആക്രമണം ശക്തമാക്കുന്നുണ്ട്. പിണറായിയെ പേരെടുത്തു വിമര്‍ശിക്കുന്നില്ലെങ്കിലും പൊലീസിന്റെ ആര്‍.എസ്.എസ് ചായ് വിനെതിരായ വാഗ്ശരങ്ങള്‍ മുഖ്യമന്ത്രിയിലേക്കു തന്നെയാണ് നീളുന്നത്.

"യു.എ.പി.എ ഒരു കരിനിയമമാണ് എന്നതിൽ സി.പി.ഐ എമ്മിനോ കേരള സർക്കാരിനോ ഒരു സംശയവുമില്ല. പക്ഷേ, കേരളത്തിലെ ചില പൊലീസ് ഉദ്യോഗസ്ഥർക്ക് ഇത് ബോധ്യപ്പെട്ടിട്ടില്ല. സർക്കാർ ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് എടുക്കും എന്ന് കേരളത്തിലെ ജനങ്ങൾക്ക് ഉറപ്പുണ്ട്" - എന്നായിരുന്നു പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയുടെ പ്രസ്താവന.

അറസ്റ്റിലായവര്‍ക്ക് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെങ്കില്‍ പാര്‍ട്ടി അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി മോഹനന്‍ പ്രതികരിച്ചു. എന്നാല്‍ മാവോയിസ്റ്റുകളുമായുള്ള സൌഹൃദത്തിന്റെ പേരില്‍ യു.എ.പി.എ ചുമത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

“ചെറുപ്പക്കാരെ അടിയന്തരമായി മോചിപ്പിക്കുകയും ഭാവിയിൽ ഇങ്ങനെ സംഭവിക്കാതിരിക്കുവാൻ ഉറപ്പ്‌ ലഭിക്കുകയും വേണം. ഇത് അപലപനീയമാണ്, സി.പി.ഐ.എം നും എൽ.ഡി.എഫിനും കളങ്കം ഉണ്ടാക്കിയ നടപടിയുമാണ്” എം.എം ലോറന്‍സ് പ്രതികരിച്ചു.

യു.എ.പി.എ ചുമത്തുന്നത് ഇടതുനയമല്ലെന്ന് പറഞ്ഞ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ടി കുഞ്ഞിക്കണ്ണൻ സർക്കാരിന്റെ നയം മറന്ന് പ്രവർത്തിക്കാൻ പൊലീസിന് എന്ത് അധികാരമാണെന്നും ചോദിച്ചു.

യു.എ.പി.എ കേസില്‍ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐയും രംഗത്തുവന്നു. കേരളത്തിലെ പൊലീസിലെ ഒരു വിഭാഗം എല്‍.ഡി.എഫിന്റെ നയത്തെ ഉള്‍ക്കൊള്ളാത്തവരും അതിനെ അട്ടിമറിക്കാന്‍ നില്‍ക്കുന്നവരുമാണെന്നും ബിനോയ് വിശ്വം മീഡിയവണിനോട് പറഞ്ഞു.