LiveTV

Live

Kerala

പോകല്ലേ ടീച്ചറെ..സ്കൂളില്‍ നിന്നും പുറത്താക്കിയ അധ്യാപികയെ കെട്ടിപ്പിടിച്ച് കരഞ്ഞ് കുട്ടികള്‍

കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ ആണ് അധ്യാപികയെ പുറത്താക്കിയത്

പോകല്ലേ ടീച്ചറെ..സ്കൂളില്‍ നിന്നും പുറത്താക്കിയ അധ്യാപികയെ കെട്ടിപ്പിടിച്ച് കരഞ്ഞ് കുട്ടികള്‍

ഇടുക്കി കരിങ്കുന്നം സ്കൂളിൽ നിന്ന് പുറത്താക്കിയതിനെ തുടർന്നു താൽക്കാലിക അധ്യാപിക സ്കൂളിന്റെ പടിയിറങ്ങിയപ്പോൾ കുട്ടികൾ കൂട്ടത്തോടെ ഗേറ്റിലേക്കോടി വന്നത് കരഞ്ഞത് നാടകീയ രംഗങ്ങൾക്കിടയാക്കി. കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയിൽ ആണ് അധ്യാപികയെ പുറത്താക്കിയത്. എന്നാൽ ഇടതു അധ്യാപക സംഘടനയിലെ അധ്യാപകർ മനഃപൂർവം പരാതികൾ കെട്ടിച്ചമച്ച് തന്നെ പുറത്താക്കിയതാണെന്നു അധ്യാപിക പറയുന്നു.

കരിങ്കുന്നം സർക്കാർ എൽ.പി സ്കൂളിലെ താൽക്കാലിക അധ്യാപിക തൊടുപുഴ ആനക്കൂട് സ്വദേശി കെ.ആർ. അമൃതയെ ആണു തൊടുപുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ഉത്തരവിലൂടെ പുറത്താക്കിയത്. വിദ്യാർഥികളെ അമൃത മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ചില കുട്ടികളുടെ രക്ഷിതാക്കൾ വിദ്യാഭ്യാസ ഉപ ഡയറക്ടർക്കു വ്യാഴാഴ്ച പരാതി നൽകിയിരുന്നു. അമൃതയെ കൂടാതെ സ്കൂളിലെ പ്രധാന അധ്യാപിക പി.എസ്. ഗീതയും താൽക്കാലിക അധ്യാപിക ജിനില കുമാറും കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും പരാതിയിൽ ആരോപിച്ചിരുന്നു.

പുറത്താക്കൽ ഉത്തരവ് വാങ്ങിയ ശേഷം ക്ലാസിലെത്തിയ അമൃത പൊട്ടിക്കരഞ്ഞു. ടീച്ചർ കരയുന്നത് എന്തു കൊണ്ടാണെന്നു ചോദിച്ച് കുട്ടികൾ അമൃതയുടെ അടുത്തെത്തി. സ്കൂളിൽ നിന്നു പുറത്താക്കിയെന്ന് പോകുകയാണെന്നു പറഞ്ഞതോടെ കുട്ടികൾ കൂട്ടത്തോടെ കരഞ്ഞു. ടീച്ചർ പോകരുതെന്നു പറഞ്ഞ് പ്രധാന ഗേറ്റു വരെ എത്തുകയായിരുന്നു. കരച്ചിൽ കേട്ട് സ്കൂൾ പ്രധാന ഗേറ്റിനടുത്ത് നിന്ന അമൃതയെ പിടിഎ അംഗങ്ങൾ ബലമായി സ്കൂളിനു പുറത്താക്കി.

സീനിയർ അധ്യാപകർ മാനസികമായി പീ‍ഡിപ്പിക്കുന്നു എന്ന് ആരോപിച്ച് ജില്ല വിദ്യാഭ്യാ ഉപഡയറക്ടർക്ക് പരാതി നൽകിയതിന്റെ പ്രതികാരം തീർക്കാനാണ് സംഘടനയിലെ അധ്യാപകർ കള്ളപ്പരാതി ഉണ്ടാക്കിയതെന്നാണ് അമൃതയുടെ ആരോപണം. എന്നാൽ, നടപടി എടുത്ത അധ്യാപികമാർ ഉൾപ്പെടെയുള്ളവരുടെ പേരിൽ 17 ഓളം കുറ്റങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും മാധ്യമങ്ങളോട് പ്രതികരിക്കാൻ താൽപ്പര്യം ഇല്ലെന്നും ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ കെ.ടി മിനി പറഞ്ഞു.

തൊടുപുഴ, കരിങ്കുന്നം ഗവൺമെന്റ് എൽപി സ്‌കൂളിലെ താല്ക്കാലിക അദ്ധ്യാപകരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടതിന തുടർന്ന്...

Posted by Kalayanthanikazhchakal /കലയന്താനി കാഴ്ചകൾ on Friday, November 1, 2019