LiveTV

Live

Kerala

മാവോയിസ്റ്റുകള്‍ ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ വളഞ്ഞിട്ട് വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് സി.പി.ഐ നേതാവ് പ്രകാശ് ബാബു

വെടിവെപ്പിന്റെ ദൃശ്യങ്ങൾ നാടകമാണെന്നുംസി.പി.ഐ അസി. സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു

മാവോയിസ്റ്റുകള്‍ ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ വളഞ്ഞിട്ട് വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് സി.പി.ഐ നേതാവ് പ്രകാശ് ബാബു

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന് പൊലീസ് അവകാശപ്പെടുന്ന മണിവാസകത്തെ ഏറ്റുമുട്ടലിലല്ല കൊലപ്പെടുത്തിയതെന്ന് സി.പി.ഐ. ആദ്യ ദിവസം കൊല്ലപ്പെട്ടവരുടെ ഇൻക്വസ്റ്റ് നടക്കുമ്പോൾ തൊട്ടടുത്ത് നിന്ന് വെടിവെച്ചാണ് കൊന്നത്. ആഹാരം കഴിച്ചു കൊണ്ടിരുന്നവര്‍ക്ക് നേരെയാണ് വെടിവെച്ചതെന്നും വെടിവെപ്പിന്റെ ദൃശ്യങ്ങൾ നാടകമാണെന്നും സി.പി.ഐ അസി. സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു.

ഏറ്റുമുട്ടല്‍ വ്യാജമായി അവിടെ സൃഷ്ടിക്കുകയായിരുന്നു. ഏകപക്ഷീയമായ വെടിവെപ്പാണ് നടന്നത്. മാവോയിസ്റ്റുകളെന്ന് ആരോപിക്കപ്പെടുന്ന അവര്‍ മൂന്ന് പേരും ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ തണ്ടര്‍ബോള്‍ട്ടുകാര്‍ വളഞ്ഞിട്ട് വെടിവച്ച് കൊല്ലുകയായിരുന്നു. മണിവാസകത്തിന്റെ കാലില്‍ മുറിവുണ്ടായിരുന്നുവെന്നും മര്‍ദ്ദിച്ച പാടുകള്‍ ശരീരത്തിലുണ്ടായിരുന്നുവെന്നുമാണ് ആദിവാസികള്‍ ഞങ്ങളോട് പറഞ്ഞത്. അതൊക്കെ പൊലീസിന്റെ കസ്റ്റഡിയിലിരിക്കുമ്പോള്‍ സംഭവിച്ചതാകാനാണ് സാധ്യത.

അതൊക്കെ അന്വേഷിക്കുമ്പോള്‍ മാത്രമേ അറിയാന്‍ കഴിയുകയുള്ളൂ. ഇന്‍ക്വസ്റ്റ് തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോള്‍ പൊലീസുകാര്‍ മണിവാസകത്തെ വെടിവെച്ച് കൊല്ലുകയായിരുന്നു. അല്ലാതെ വേറെ ഏറ്റുമുട്ടല്‍ നടന്നിട്ടില്ല. അതിന്റെ വെടിയൊച്ചയാണ് വീഡിയോയില്‍ക്കൂടി പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നും പ്രകാശ് ബാബു പറഞ്ഞു.