LiveTV

Live

Kerala

അഫീലിന്റെ മരണത്തില്‍ അന്വേഷണം വൈകുന്നു; ആരെയൊക്കെ പ്രതിചേര്‍ക്കണമെന്നതില്‍ വ്യക്തതയില്ല

ആരെയൊക്കെ പ്രതിപട്ടികയില്‍ ചേര്‍ക്കണമെന്ന കാര്യത്തില്‍ അന്വേഷണ സംഘത്തിന് ഇതുവരെ വ്യക്തതയില്ല. സംഘാടകരായ നാല് പേരെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചെങ്കിലും ഇവരുടെ അറസ്റ്റ് വൈകിയേക്കുമെന്നാണ് സൂചന.

അഫീലിന്റെ മരണത്തില്‍ അന്വേഷണം വൈകുന്നു; ആരെയൊക്കെ പ്രതിചേര്‍ക്കണമെന്നതില്‍ വ്യക്തതയില്ല

കായികമേളയ്ക്കിടെ ഹാമര്‍ വീണ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ അന്വേഷണം ഇഴയുന്നു. ആരെയൊക്കെ പ്രതിപട്ടികയില്‍ ചേര്‍ക്കണമെന്ന കാര്യത്തില്‍ അന്വേഷണ സംഘത്തിന് ഇതുവരെ വ്യക്തതയില്ല. സംഘാടകരായ നാല് പേരെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചെങ്കിലും ഇവരുടെ അറസ്റ്റ് വൈകിയേക്കുമെന്നാണ് സൂചന.

കഴിഞ്ഞ മാസം നാലാം തിയതി പാല സ്റ്റേഡിയത്തില്‍ നടന്ന ജൂനിയര്‍ അത്‍ലറ്റിക് മീറ്റിനിടയിലാണ് അഫീലിന്റെ തലയില്‍ ഹാമര്‍ വീഴുന്നത്. 21 ന് അഫീല്‍ മരിക്കുകയും ചെയ്തു. എന്നാല്‍ അപകടം നടന്ന അന്ന് മുതല്‍ അന്വേഷണം ആരംഭിച്ച പൊലീസ് ഇപ്പോള്‍ ഇരുട്ടില്‍ തപ്പുകയാണ്. സംഘാടകര്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസ് എടുത്തിട്ടുണ്ട്. പക്ഷെ ഇതുവരെ കാര്യമായ അന്വേഷണം നടന്നിട്ടില്ല.

അത്‍ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്
Also Read

അത്‍ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണ് വിദ്യാർഥിക്ക് ഗുരുതര പരിക്ക്

ജാവലിൻ ഹാമർ ത്രോ മത്സരങ്ങളുടെ ചുമതലക്കാരും, റഫറിമാരുമായിരുന്ന നാല് പേരെയാണ് പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട്, മലപ്പുറം സ്വദേശികളായ ജോസഫ്, നാരായണൻകുട്ടി, കാസിം, മാർട്ടിൻ എന്നിവരെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു. പക്ഷെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കനായിട്ടില്ല. സംഘാടകരെയെല്ലാം അറസ്റ്റ് ചെയ്യണമോ വേണ്ടയോ എന്ന ആശയ കുഴപ്പത്തിലാണ് പൊലീസ്. എന്നാല്‍ സംഘാടകരുടെ ഭാഗത്ത് വലിയ അനാസ്ഥയുണ്ടായിട്ടുണ്ടെന്നാണ് കായിക വകുപ്പ് നടത്തിയ അന്വേഷണത്തില്‍ പറയുന്നത്. ഈ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുകയും ചെയ്തു. മുഖ്യമന്ത്രിക്ക് അടക്കം കുടുംബം പരാതി നല്‍കിയ സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിലേക്ക് കടക്കാന്‍ പൊലീസ് തീരുമാനിച്ചത്. അന്വേഷണം ഇഴഞ്ഞ് നീങ്ങുന്ന സാഹചര്യത്തില്‍ പ്രോക്ഷോഭ പരിപാടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് ആക്ഷന്‍ കൌണ്‍സില്‍.