LiveTV

Live

Kerala

കടലില്‍ കാണാതായ മത്സ്യ തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുന്നു

കണ്ണൂര്‍ ആയിക്കരയില്‍ നിന്നും തൃശൂര്‍ ചാവക്കാട് നിന്നുമായി മത്സ്യബന്ധനത്തിന് പോയ രണ്ട് പേരെയാണ് കടലില്‍ കാണാതായത്.

കടലില്‍ കാണാതായ  മത്സ്യ തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുന്നു

കടലില്‍ കാണാതായ രണ്ട് മത്സ്യ തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുന്നു. കണ്ണൂര്‍ ആദികടലായി സ്വദേശി ഫാറൂഖ്, ചാവക്കാട് സ്വദേശി രാജീവന്‍ എന്നിവരെയാണ് ‍കാണാതായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് ബോട്ടുകളിലെ പതിനൊന്ന് തൊഴിലാളികളെ കോസ്റ്റ് ഗാര്‍ഡും ഫിഷറീസ് റസ്ക്യൂ ടീമും ചേര്‍ന്ന് കരക്കെത്തിച്ചു.

കണ്ണൂര്‍ ആയിക്കരയില്‍ നിന്നും തൃശൂര്‍ ചാവക്കാട് നിന്നുമായി മത്സ്യബന്ധനത്തിന് പോയ രണ്ട് പേരെയാണ് കടലില്‍ കാണാതായത്. ആയിക്കരയില്‍നിന്നും രണ്ട് ബോട്ടുകളിലായി കടലില്‍പോയ ആറ് പേരെയായിരുന്നു ഇന്നലെ കാണാതായത്. ഇതില്‍ അഞ്ച് പേരെ രക്ഷപെടുത്തി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആദികടലായി സ്വദേശി ഫാറൂഖിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

തൃശൂര്‍ ചാവക്കാട് നിന്നും മത്സ്യബന്ധനത്തിന് പോയ ഏഴ് പേരില്‍ രാജീവന്‍ എന്നയാളെയാണ് കടലില്‍കാണാതായത്. മറ്റുളളവരെ രക്ഷപെടുത്തി. ശക്തമായ ചുഴലിക്കാറ്റില്‍ പെട്ട് ഇവര്‍ ബോട്ടില്‍ നിന്നും കടലിലേക്ക് തെറിച്ച് വീഴുകയായിരുന്നുവെന്ന് രക്ഷപെട്ടവര്‍ പറയുന്നു.

രണ്ട് ബോട്ടുകളില്‍നിന്നുമായി രക്ഷപെടുത്തിയ പതിനൊന്ന് പേരെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കടലില്‍ കാണാതായവര്‍ക്ക് വേണ്ടി കോസ്റ്റ് ഗാര്‍ഡും ഫിഷറീസ് റസ്ക്യൂ ടീമും മത്സ്യതൊഴിലാളികളും സംയുക്തമായി തെരച്ചില്‍ തുടരുകയാണ്. ഇതിനൊപ്പം ബേപ്പൂരില്‍ നിന്നും മത്സ്യബന്ധനത്തിന് പോയി നീലേശ്വരം അഴുത്തലയില്‍ കുടുങ്ങിയ രണ്ട് ബോട്ടുകളും രക്ഷപെടത്തിയിട്ടുണ്ട്. ഈ ബോട്ടുകളിലുണ്ടായിരുന്ന 19 തൊഴിലാളികളും സുരക്ഷിതരാണ്.