LiveTV

Live

Kerala

മാവോയിസ്റ്റ് ക്യാംപിലെ ദൃശ്യങ്ങളില്‍ ഏറ്റുമുട്ടല്‍ നടന്ന സൂചനയില്ല; വ്യാജ ഏറ്റുമുട്ടലെന്ന സംശയം ശക്തം

ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ വനത്തിനുള്ളിൽ എത്തിയപ്പോൾ കണ്ടത് ഏറ്റുമുട്ടൽ എന്ന പൊലീസ് വാദം വ്യാജമാണെന്ന് തെളിയിക്കുന്ന കാഴ്ചകളാണ്.

മാവോയിസ്റ്റ് ക്യാംപിലെ ദൃശ്യങ്ങളില്‍ ഏറ്റുമുട്ടല്‍ നടന്ന സൂചനയില്ല; വ്യാജ ഏറ്റുമുട്ടലെന്ന സംശയം ശക്തം

മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലിലൂടെയാണ് കൊല്ലപ്പെട്ടതെന്ന പൊലീസ് വാദം പൊളിക്കുന്നതാണ് സംഭവസ്ഥലത്ത് നിന്നുള്ള കാഴ്ചകള്‍. ഏറ്റുമുട്ടല്‍ നടന്നതിന്റെ പ്രത്യക്ഷ തെളിവുകള്‍ സംഭവസ്ഥലത്ത് പ്രകടമല്ല. സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് വി.കെ ശ്രീകണ്ഠന്‍ എംപി ആരോപിച്ചു.

ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ വനത്തിനുള്ളിൽ എത്തിയപ്പോൾ കണ്ടത് ഏറ്റുമുട്ടൽ എന്ന പൊലീസ് വാദം വ്യാജമാണെന്ന് തെളിയിക്കുന്ന കാഴ്ചകളാണ്. ക്യാമ്പ് ചെയ്ത് മാവോയിസ്റ്റുകൾ താമസിച്ചു എന്ന് പോലീസ് പറയുന്ന സ്ഥലത്ത് ആകെയുള്ളത് ഒരാൾക്ക് ശരിക്ക് നിൽക്കാൻ പോലും കഴിയാത്ത താൽക്കാലിക ഷെഡ്. അതും പുതിയ ഇല്ലിമുളകൾ കൊണ്ട് ഉണ്ടാക്കിയത്. പഴക്കം തീരെയില്ലെന്ന് ഒറ്റ കാഴ്ചയിൽ തന്നെ വ്യക്തം. ഇതിനകത്ത് അടുപ്പ് കൂട്ടി കത്തിച്ച ലക്ഷണങ്ങൾ ഉണ്ടെങ്കിലും പ്രദേശത്ത് ഏറെക്കാലം ആരെങ്കിലും താമസിച്ച അടയാളങ്ങൾ കാണുന്നില്ല. നിലത്ത് കിടക്കുന്ന ടാർപോളിൻ പായകളും അടുപ്പ് കല്ലുകളും വെള്ളക്കുപ്പികളും ഭക്ഷ്യ വസ്തുക്കളും കാണാം.

ഇടുങ്ങിയ സ്ഥലത്ത് വലിയ ഒരു ഏറ്റുമുട്ടൽ നടന്നുവെന്ന് തോന്നിക്കുന്ന ലക്ഷണങ്ങൾ കാണാനില്ല. കഴിഞ്ഞ രണ്ട് ദിവസമായി ആരെയും പരിസരത്തേക്ക് കടത്തിവിടാത്തത് ദുരൂഹമാണ് എന്നത് ശരിവെക്കുന്ന തരത്തിലാണ് കാഴ്ചകൾ. സംഭവ സ്ഥലം പൊലീസ് ഇൻക്വസ്റ്റ് നടപടികളുടെ ഭാഗമായി വൃത്തിയാക്കി എന്നവകാശപ്പെട്ടാലും പ്രത്യക്ഷത്തിൽ ഏറ്റുമുട്ടലിന്റെ ലക്ഷണങ്ങൾ കാണാനില്ല. ഇതിൽ ദുരൂഹത ഉണ്ടെന്ന് വി.കെ ശ്രീകണ്ഠൻ എംപി ആരോപിച്ചു.

പ്രായമായ മണിവാസകം ഉൾപ്പടെ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും ഏറ്റുമുട്ടൽ നടന്നുവെന്നത് വ്യാജ ആരോപണമാണെന്നും നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. ഇക്കാര്യങ്ങൾ സാധൂകരിക്കുന്ന തരത്തിലാണ് സംഭവം നടന്ന ഉൾവനത്തിലെ കാഴ്ചകൾ.