LiveTV

Live

Kerala

പൂവ് ചോദിച്ചപ്പോൾ പൂക്കാലമെന്ന് പ്രതിപക്ഷം; ആരോപണം തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് കെ.ടി ജലീൽ

കെ.ടി ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി.

പൂവ് ചോദിച്ചപ്പോൾ പൂക്കാലമെന്ന് പ്രതിപക്ഷം; ആരോപണം തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് കെ.ടി ജലീൽ

എം.ജി സർവ്വകലാശാലയില്‍ മാർക്ക് ദാനം നടത്തിയ കെ.ടി ജലീലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി. ആരോപണം പ്രതിപക്ഷം തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാമെന്ന് കെ.ടി ജലീൽ പറഞ്ഞു. പ്രതിപക്ഷ ആരോപണം ശരിയായത് കൊണ്ടാണ് മാർക്ക് ദാനം റദ്ദാക്കി കെ.ടി ജലീൽ രക്ഷപ്പെടാൻ ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

നിയവിരുദ്ധമായി ഇടപെട്ട് മാർക്ക് ദാനം നൽകിയ കെ.ടി ജലീൽ സർവ്വകലാശാലയുടെ സ്വയംഭരണാവകാശത്തിൽ കൈ കടത്തിയ വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഭഗവാൻ അവതരിക്കുന്നത് പോലെയാണ് അദാലത്തിൽ മന്ത്രി ഇടപെട്ട് മാർക്ക് ദാനം നൽകുന്നതെന്ന് വി.ഡി സതീശൻ പരിഹസിച്ചു. പൂവ് ചോദിച്ചപ്പോള്‍ പൂക്കാലം നല്‍കിയെന്നും പരിഹാസം.

മോഡറേഷൻ കാര്യത്തിൽ സർവ്വകലാശാല സിൻഡിക്കേറ്റാണ് തീരുമാനമെടുത്തതെന്നും ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും കെ.ടി ജലീൽ മറുപടി നൽകി. ചട്ടവിരുദ്ധമായ ഇടപെടലാണ് മന്ത്രി ആദ്യഘട്ടം മുതൽ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. അടിയന്ത‌ര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി.