മേയര്‍ സ്ഥാനത്ത് നിന്ന് സൗമിനി ജെയിനെ മാറ്റാനുള്ള സാധ്യത കുറഞ്ഞു
എട്ട് മാസം ബാക്കി നില്‍ക്കെ മാറ്റുന്നത് തിരിച്ചടിയുണ്ടാക്കുമെന്ന് ഒരു വിഭാഗം നേതാക്കള്‍ നിലപാടെടുത്തു.

കൊച്ചി മേയര്‍ സൌമിനി ജെയിനെ മാറ്റാനുള്ള സാധ്യത കുറഞ്ഞു. മേയറെ മാറ്റരുതെന്ന് വി.എം സുധീരന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ ആവശ്യപ്പെട്ടു. എട്ട് മാസം ബാക്കി നില്‍ക്കെ മേയറെ മാറ്റുന്നത് തിരിച്ചടിയുണ്ടാക്കുമെന്നും ചില നേതാക്കള്‍ അഭിപ്രായപ്പെട്ടു. ചര്‍ച്ചകള്‍ നടത്താന്‍ കെ.പി.സി.സി പ്രസിഡന്റിനെ രാഷ്ട്രീയകാര്യ സമിതി ചുമതലപ്പെടുത്തി. മീഡിയവണ്‍ എക്സ്ക്ലൂസീവ്.
കൊച്ചി മേയര്‍ സൌമിനി ജയിനെ മാറ്റണമെന്നാണ് എറണാകുളം ഡിസിസി, ഹൈബി ഈഡന് എംപി, നല്ലൊരു വിഭാഗം എംഎല്‍എമാര്‍ എന്നിവര്‍ ആവശ്യപ്പെടുന്നത്. യുഡിഎഫ് കണ്‍വീനര്‍ കൂടിയായ ബെന്നി ബെഹനാന് രാഷ്ട്രീയകാര്യ സമിതിയില്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ വി.എം സുധീരന് ഉള്‍പ്പെടെ ഒരു വിഭാഗം നേതാക്കള്‍ മേയറെ മാറ്റേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
കോര്പറേഷന് ഭരണം തീരാന്‍ 8 മാസം മാത്രമേ ബാക്കിയുള്ളൂ. സ്വതന്ത്രരുടെ പിന്തുണയോടെ കോണ്‍ഗ്രസ് ഭരിക്കുന്ന കോര്‍പറേഷനില്‍, പുതിയ മാറ്റത്തിന് ആവശ്യമായി പിന്തുണ ഉറപ്പാക്കാന്‍ കഴിയുമോ എന്ന ആശങ്കയും കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിക്കുന്നു. റോഡുകളുടെ ശോചനീയാവസ്ഥ ഉള്‍പ്പെടെ പ്രശ്നങ്ങളും നേതാക്കളുമായുള്ള അഭിപ്രായ വ്യത്യാസവും മാറ്റിവെച്ചാല്‍ അഴിമതിയാരോപണങ്ങളൊന്നും സൌമിനിക്കെതിരെ ഉയര്‍ന്നിട്ടില്ല. ഈ സാഹചര്യത്തില്‍ മേയറെ മാറ്റാതെ തന്നെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ആലോചനകളാണ് സംസ്ഥാന നേതാക്കള്‍ നടത്തുന്നത്.
ചര്‍ച്ചകള്‍ നടത്താന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ രാഷ്ട്രീകാര്യ സമിതി ചുമതലപ്പെടുത്തിയിരുന്നു. രാവിലെ ബെന്നി ബെഹനാന്, വി.എം സുധീരന് ഉള്‍പ്പെടെ നേതാക്കളുമായി മുല്ലപ്പള്ളി ചര്‍ച്ച നടത്തി. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായും ചര്‍ച്ച നടത്തും.
അതിനിടെ മേയറെ മാറ്റുന്നത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് എറണാകുളം ഡിസിസി ഓഫീസില്‍ വെച്ച് ജില്ലാ നേതാക്കള്‍ തമ്മില്‍ കയ്യാങ്കളിയായി. ഇന്ദിരാഗാന്ധി അനുസ്മരണ പരിപാടിക്കിടെ ബ്ലോക്ക് വൈസ് പ്രസിഡന്റ് നോര്‍മന്‍ ജോസഫ് മേയറെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചതാണ് തര്‍ക്കത്തിനിടയാക്കിയത്.