LiveTV

Live

Kerala

എറണാകുളത്ത് കടല്‍ക്ഷോഭം ശക്തം: വള്ളങ്ങള്‍ തകര്‍ന്നു, വീടുകളില്‍ വെള്ളം കയറി

ചെല്ലാനം, ഫോര്‍ട്ട് കൊച്ചി, വൈപ്പിന്‍, എടവനക്കാട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

എറണാകുളത്ത് കടല്‍ക്ഷോഭം ശക്തം: വള്ളങ്ങള്‍ തകര്‍ന്നു, വീടുകളില്‍ വെള്ളം കയറി

എറണാകുളം ജില്ലയുടെ തീരപ്രദേശങ്ങളില്‍ കനത്ത മഴയും കടല്‍ക്ഷോഭവും. ചെല്ലാനം, ഫോര്‍ട്ട് കൊച്ചി, വൈപ്പിന്‍, എടവനക്കാട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.

കനത്ത മഴയില്‍ ഇന്ന് പുലര്‍ച്ചയോടെ പശ്ചിമ കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ വെളളം കയറി. ചെല്ലാനം, ഫോര്‍ട്ട്കൊച്ചി, വൈപ്പിന്‍, നായരമ്പലം, എടവനക്കാട് തീരപ്രദേശങ്ങളില്‍ ശക്തമായ കടല്‍ക്ഷോഭമാണ് അനുഭവപ്പെടുന്നത്. ചെല്ലാനം കമ്പനിപ്പടിയിലാണ് കടല്‍ക്ഷോഭം ഏറെ നാശം വിതച്ചത്. ചെല്ലാനം വില്ലേജ് ഓഫീസിന് അടുത്തുളള നിരവധി വീടുകളില്‍ വെളളം കയറി. ഫോര്‍ട്ട് കൊച്ചി കടല്‍ത്തീരത്ത് കയറ്റിയിട്ടിരുന്ന മത്സ്യത്തൊഴിലാളികളുടെ പത്തിലധികം വളളങ്ങള്‍ ശക്തമായ കടല്‍ക്ഷോഭത്തില്‍ തകര്‍ന്നു. നിരവധി മത്സ്യബന്ധന ഉപകരണങ്ങളും ഒലിച്ചുപോയി. വൈപ്പിന്‍, എടവനക്കാട്, നായരമ്പലം ഭാഗങ്ങളിലും ശക്തമായ കടല്‍ക്ഷോഭമാണുണ്ടായത്. ഫോർട്ട് വൈപ്പിൻ വാക്ക് വെയുടെ ഭാഗം തിരയടിയിൽ തകർന്നു.

എടവനക്കാട് യു.പി സ്കൂളിൽ ദുരിതാശ്വാസ ക്യാംപ് തുറന്നു. നായരമ്പലത്ത് മാത്രം 100 കുടുംബങ്ങളെയാണ് ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയത്. ജില്ലയില്‍ മൊത്തം 200ഓളം കുടുംബങ്ങളാണ് വിവിധ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്. പ്രതികൂല കാലാവസ്ഥ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തീരദേശ താലൂക്കുകളായ കൊച്ചി, പറവൂർ എന്നിവിടങ്ങളിലെ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു.