LiveTV

Live

Kerala

മാവോ വേട്ട: ഭരണപക്ഷത്തും പ്രതിപക്ഷത്തും പ്രതിഷേധം, സര്‍ക്കാര്‍ ഒറ്റപ്പെട്ടു

മുഖ്യമന്ത്രിയുടെ വിശദീകരണം വിശ്വാസത്തിലെടുക്കാന്‍ ഭരണകക്ഷിയിലുള്ളവര്‍ പോലും തയ്യാറാകുന്നില്ലെന്നതാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത്.

മാവോ വേട്ട: ഭരണപക്ഷത്തും പ്രതിപക്ഷത്തും പ്രതിഷേധം, സര്‍ക്കാര്‍ ഒറ്റപ്പെട്ടു

മാവോയിസ്റ്റ് വേട്ടയില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രതിപക്ഷത്തിന് പുറമേ എല്‍.ഡി.എഫില്‍ നിന്നും വിമര്‍ശനമുയര്‍ന്നതോടെ വിഷയത്തില്‍ സര്‍ക്കാര്‍ പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയാണ്.

സ്വയരക്ഷക്കായി തണ്ടര്‍ബോള്‍ട്ട് ടീം വെടിയുതിര്‍ത്തുവെന്നാണ് മാവോയിസ്റ്റ് വേട്ട സംബന്ധിച്ച് മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പും നല്‍കുന്ന ന്യായീകരണം. എന്നാല്‍ ഇത് വിശ്വാസത്തിലെടുക്കാന്‍ ഭരണകക്ഷിയിലുള്ളവര്‍ പോലും തയ്യാറാകുന്നില്ലെന്നതാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത്. സി.പി.ഐ നേതൃത്വം രൂക്ഷവിമര്‍ശവുമായി രംഗത്ത് വരുകയും ചെയ്തു. വ്യാജ ഏറ്റുമുട്ടല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നല്‍കിയ ന്യായീകരണത്തിന് തുല്യമാണ് പിണറായിയുടേതുമെന്ന തുറന്ന ആക്രമണമാണ് കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം നടത്തിയത്. വിഷയത്തില്‍ ആഭ്യന്തര വകുപ്പ് പ്രതിക്കൂട്ടിലാണെന്ന നിലപാടാണ് സി.പി.ഐക്കുള്ളത്. സി.പി.ഐക്ക് പുറമേ ലോക് താന്ത്രിക് ജനതാദളും സര്‍ക്കാരിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

ഉപതെരഞ്ഞെടുപ്പ് വിജയത്തിന് തൊട്ടുപിന്നാലെയുണ്ടായ സംഭവം സര്‍ക്കാരിനും മുന്നണിക്കും കളങ്കമായെന്നാണ് ഘടക കക്ഷികളുടെയും വിലയിരുത്തല്‍. നിലവില്‍ മജിസ്റ്റീരിയല്‍ അന്വേഷണമാണ് നടക്കുന്നതെങ്കിലും സമ്മര്‍ദമേറിയാല്‍ ജുഡീഷ്യല്‍ അന്വേഷണം ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പോകാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായേക്കും. കഴിഞ്ഞ തവണ നടത്തിയ മാവോയിസ്റ്റ് വേട്ടയെ കുറിച്ചുള്ള മജിസ്റ്റീരിയില്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യവും ശക്തമാകുകയാണ്.